
ആലപ്പുഴ : പുന്നമടക്കായലിൽ ആഗസ്റ്റ് 30-ന് നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു, ആരോഗ്യ, വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജും സിനിമാ നടൻ കാളിദാസ് ജയറാമും ചേർന്നാണ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തത്.
വള്ളം തുഴഞ്ഞ് നീങ്ങുന്ന കാക്കത്തമ്പുരാട്ടിയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.ആലപ്പുഴ വട്ടയാൽ സ്വദേശി കാക്കരിയിൽ എസ് അനുപമയാണ് ഭാഗ്യചിഹ്നം തയ്യാറാക്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച 166 എൻട്രികളിൽ നിന്നാണ് അനുപമ തയ്യാറാക്കിയ കാക്കത്തമ്പുരാട്ടിയെ തിരഞ്ഞെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബി എഡ് ബിരുദധാരിയായ എസ് അനുപമ ഗ്രാഫിക് ഡിസൈനർ കൂടിയാണ്. 2024 ൽ ഫാസ്റ്റസ്റ്റ് ത്രീഡി പെയിൻറിങ്ങിൽ ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്‌സ് ലഭിച്ചിട്ടുള്ള അനുപമ സ്‌കൂൾതല ദേശീയ പെയിൻറിങ് ജേതാവ് കൂടിയാണ്. 2021 ൽ കളർപെൻസിലിൽ കഥകളി പോട്രേറ്റ് ചെയ്തതിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയും അനുപമക്ക് ലഭിച്ചിട്ടുണ്ട്.കലാകാരനായ എം സാജൻ, ലിസി ദമ്പതിമാരുടെ മകളാണ്.
ചടങ്ങിൽ മന്ത്രി വീണാ ജോർജ് ഭാഗ്യചിഹ്നം തയ്യാറാക്കിയ എസ് അനുപമയെ പൊന്നാട അണിയിച്ച് ആദരിച്ചു.
മാവേലിക്കര രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സ് അധ്യാപകരായ വി ഡി ബിനോയ്, കെ എ ഷാക്കിർ, ആർട്ടിസ്റ്റ് സതീഷ് വാഴവേലിൽ എന്നിവർ അടങ്ങുന്ന പാനലാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.
എൻ ടി ബി ആർ കമ്മിറ്റി നൽകുന്ന 10001 രൂപ കാഷ് പ്രൈസും പ്രശസ്തി പത്രവും അനുപമക്ക് ലഭിക്കും.