കുടുംബത്തിലെ എല്ലാവരെയും കൊല്ലാനായിരുന്നു മിഥുന്റെ തീരുമാനം ; പെട്രോൾ ആക്രമണത്തിൽകൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ
സ്വന്തം ലേഖിക
കൊച്ചി: പ്രണയം തോന്നിയ ആളെ കൊല്ലുന്ന ക്രൂരമായ പ്രവണതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ അർദ്ധരാത്രിയിൽ കാക്കനാട് അരങ്ങേറിയത്. തന്റെ പ്രണയം നിരസിച്ച ദേവികയെന്ന പ്ലസ്‌വൺ വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ മുൻകൂട്ടി തയാറാക്കിയ പദ്ധതിയുമായാണ് മിഥുൻ ഇന്നലെ കാക്കനാടെ അത്താണിയിലുള്ള സലഫി ജുമാ മസ്ജിദിന് സമീപത്തെ ‘പദ്മാലയം’ എന്ന വീട്ടിലേക്ക് എത്തുന്നത്. പാതിരാത്രിയുള്ള കതകിൽ മുട്ടുകേട്ട് ദേവികയുടെ അച്ഛൻ ഷാലനാണ് മിഥുന്് മുൻവശത്തെ വാതിൽ തുറന്നുകൊടുത്തത്.
തുടർന്ന് തനിക്ക് ദേവികയെ കാണണമെന്ന് മിഥുൻ ആവശ്യപ്പെട്ടു. ഇതിനിടെ ഉറക്കമുണർന്ന് വീടിന്റെ മുൻവശത്തേക്ക് എത്തിയ ദേവികയെ കണ്ട ഇയാൾ പെട്ടെന്നുതന്നെ വീടിനകത്തേക്ക് ഓടിക്കയറി. തന്റെ നേർക്ക് ഓടിയടുക്കുന്ന മിഥുനെ കണ്ട ദേവിക ഉടൻ തന്നെ ഓടിമാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിമിഷനേരം കൊണ്ട് മിഥുൻ പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ഇതിനിടെ മിഥുന്റെ ദേഹത്തേക്കും തീ പടർന്നു. ദേവികയുടെ അച്ഛനും തീപ്പൊള്ളൽ ഏറ്റിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എട്ടാം ക്ലാസ് മുതൽ മിഥുൻ പ്രേമാഭ്യർത്ഥനയുമായി ദേവികയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയിരുന്നെനും ഇതുമൂലം മിഥുനും ദേവികയുടെ അമ്മ മോളിയുടെ വാക്കുതർക്കം നടന്നിരുന്നുവെന്നുമുള്ള വിവരങ്ങൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ഇയാളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് മോളി രണ്ടു ദിവസം മുൻപ് കാക്കനാട് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഇരുവരെയും അനുനയിപ്പിക്കാനും ശ്രമിച്ചിരുന്നു.
കുടുംബത്തിലെ എല്ലാവരെയും കൊല്ലാനായിരുന്നു മിഥുനിന്റെ പദ്ധതിയെന്ന് തീവച്ച് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. രാത്രി പന്ത്രണ്ടേകാലിന് വീട്ടിലേക്കെത്തി മകൾ ദേവികയെ കൊലപ്പെടുത്തിയ മിഥുൻ തന്റെ ദേഹത്തേക്കും പെട്രോൾ ഒഴിച്ചിരുന്നുവെന്ന് അമ്മ മോളി പറയുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മയും ഇളയ കുട്ടിയും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ബോധരഹിതയായ മോളി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ദേഹത്ത് പെട്രോൾ ഒഴിച്ചതിന് ശേഷമാണ് മിഥുൻ ദേവികയുടെ വീട്ടിലേക്ക് എത്തിയതെന്ന് സംശയിക്കുന്നതായി ഇവരുടെ അയൽവാസിയും പറയുന്നു. ഇതിന് മുൻപും മിഥുൻ വീട്ടിലേക്ക് വന്നിട്ടുണ്ടെന്നും അയൽവാസി പറയുന്നു. ദേവിക ട്യൂഷനായി പോയിരുന്ന സ്ഥലത്തും മിഥുൻ ശല്യം ചെയ്യാനായി എത്തിയിരുന്നതായി പെൺകുട്ടിയുടെ സഹപാഠിയും പറയുന്നുണ്ട്. ഇവർ രണ്ടുപേരും തമ്മിൽ ബുധനാഴ്ച വൈകുന്നേരം വാക്കുതർക്കം നടന്നിരുന്നതായും സഹപാഠി വെളിപ്പെടുത്തി. സുഹൃത്തിന്റെ ബൈക്ക് എടുത്താണ് മിഥുൻ ദേവികയുടെ വീട്ടിലേക്ക് എത്തിയത്. ബൈക്ക് വീടിനടുത്തുനിന്നും പൊലീസ് കണ്ടെടുത്തു.