
കുടുംബപ്രശ്നങ്ങൾ മൂലം സഹപാഠിയായിരുന്ന യുവതിയുമായുള്ള സൗഹൃദം തകർന്നതിൽ വിരോധം; യുവതിയുടെ ഭർത്താവിനെ വെടിവെച്ച് കൊലപ്പെടുത്തി; കൈതപ്രം കൊലപാതകത്തിൽ എഫ്ഐആർ പൂർത്തിയായി; കൊലപാതകശേഷം കിണറ്റിൽ ഉപേക്ഷിച്ച തോക്ക് കണ്ടെത്താൻ ഇന്ന് തിരച്ചിൽ
കണ്ണൂർ: കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിൻ്റെ ഭാര്യയുമായുള്ള സൗഹൃദം തകർന്നതെന്ന് എഫ്ഐആർ. കൊലയാളിയായ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നു.
കുടുംബപ്രശ്നങ്ങൾ മൂലം രാധാകൃഷ്ണൻ്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. മരിച്ച രാധാകൃഷ്ണൻ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. ഇയാളുടെ ഭാര്യ ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ്. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്.
രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് അങ്ങോട്ടേക്ക് തോക്കുമായി എത്തിയെന്നാണ് നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോക്ക് സമീപത്തെ കിണറ്റിൽ ഉപേക്ഷിച്ചതാവാൻ സാധ്യതയുള്ളതിനാൽ അവിടെ ഇന്ന് തിരച്ചിൽ നടത്തും. രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ മദ്യലഹരിയിലായിരുന്ന പ്രതിയെ സ്വബോധത്തിൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിൻ്റെ കാരണം കണ്ടെത്തിയത്.