കേരള തനിമ വിളിച്ചോതുന്ന ഗ്രാമീണ ഭംഗി…എപ്പോഴും ഇളംകാറ്റിന്റെ തലോടൽ… റോഡിന് ഇരുവശവുമായി പച്ചപുതച്ച പാടശേഖരം; ഓപ്പൺ ജിമ്മും വിശ്രമിക്കാൻ ചാരുബെഞ്ചുകളും…കോട്ടയത്തെ കൈപ്പുഴകാറ്റിന്റെ ഭംഗി ആസ്വദിക്കാം… ഇവിടെ ശ്രദ്ധിക്കാനുമുണ്ട് ചില കാര്യങ്ങൾ..
കോട്ടയം: കേരള തനിമ വിളിച്ചോതുന്ന പച്ചപ്പും ഗ്രാമീണ ഭംഗിയും. പ്രഭാത– സായാഹ്നത്തിൽ ഇളംകാറ്റിന്റെ മാധുര്യത്തിൽ വിശ്രമിക്കാൻ സാധിക്കുന്ന പ്രദേശം. നോക്കെത്താ ദൂരത്തു നീണ്ടു പരന്നു കിടക്കുന്ന പാടശേഖരം. അതാണ് കൈപ്പുഴകാറ്റ്.
മാക്കോത്തറ– നൂറുപറ പാടശേഖരങ്ങൾക്കു നടുവിലൂടെ കടന്നു പോകുന്ന ബണ്ട് റോഡാണു പ്രധാന ആകർഷണം. റോഡിന് ഇരുവശവുമായി പാടശേഖരത്തിന്റെ കാഴ്ചകൾ. റോഡിൽ കുറച്ചു ഭാഗത്തു തെങ്ങുമുണ്ട്. പാടവരമ്പും ചെറുകനാലും കാഴ്ചകൾ.
നെൽക്കൃഷി ചെയ്യുന്നതു കാണാനും സാധിക്കും. എപ്പോഴും വീശുന്ന കാറ്റാണ് കൈപ്പുഴകാറ്റെന്ന പേരിനു പിന്നിൽ. ബണ്ട് റോഡിൽ പ്രവേശിക്കുന്ന ഭാഗത്ത് ഓപ്പൺ ജിം ഉണ്ട്. പ്രഭാത– സായാഹ്ന നടപ്പിനും പറ്റിയ പ്രദേശമാണ്. ഏകദേശം ഒന്നര കിലോമീറ്റർ ബണ്ട് റോഡിലൂടെ നടക്കാം. വിശ്രമിക്കാൻ ചാരുബെഞ്ചുകൾ പ്രദേശത്തുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എങ്ങനെ എത്താം…
1. കോട്ടയത്ത് നിന്നു ചുങ്കം വഴിയോ കുമാരനല്ലൂർ വഴിയോ പനമ്പാലം ജംക്‌ഷനിൽ എത്തി പനമ്പാലം– നീണ്ടൂർ റോഡുവഴി മുന്നോട്ടു പോകുക. ശാസ്താങ്കൽ ജംക്‌ഷനിൽ നിന്നു പാലത്തുരുത്ത് പള്ളി റോഡിലൂടെ തിരിഞ്ഞ് കൈപ്പുഴകാറ്റിൽ എത്താം.– 12 കിലോമീറ്റർ (കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന്)
2. ഏറ്റുമാനൂരിൽ നിന്ന് എത്തുന്നവർ ഏറ്റുമാനൂർ– നീണ്ടൂർ റോഡിലൂടെ പ്രാവട്ടം വഴി ശാസ്താങ്കൽ എത്തി പാലത്തുരുത്ത് പള്ളി റോഡിലൂടെ തിരിഞ്ഞു പോവുക. 8 കിലോമീറ്റർ (ഏറ്റുമാനൂരിൽ നിന്ന്)
ഗൂഗിൾ മാപ്പിൽ കൈപ്പുഴകാറ്റ് സെറ്റ് ചെയ്താലും പ്രദേശത്ത് എത്താം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
∙ കൃഷി നടക്കുന്ന പാടശേഖരമാണ്. ഒരു തരത്തിലും മാലിന്യങ്ങൾ തള്ളരുത്. സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ നിയമപരമായ നടപടികൾ കൈക്കൊള്ളും.
∙ വാഹനങ്ങളിൽ എത്തുന്നവർ റോഡ് ബ്ലോക്ക് ആകാത്ത തരത്തിൽ പാർക്ക് ചെയ്യുക.
∙ ഓപ്പൺ ജിം ഉപകരണങ്ങൾ ശ്രദ്ധാപൂർവം ഉപയോഗിക്കുക.
∙ ബണ്ട് റോഡിന്റെ പകുതി ഭാഗം മൺവഴിയാണ്. മഴക്കാലത്ത് ഇവിടെ ചെളിയുണ്ടാകും. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക.
∙ ബണ്ട് റോഡിന്റെ മധ്യഭാഗത്തായി ചെറിയ പാലമുണ്ട്. ഇതിലൂടെ വാഹനം കയറ്റുമ്പോഴും ശ്രദ്ധ വേണം.