
“കൈലാസം തുറന്നു, എല്ലാ മനുഷ്യരെയും വിളിക്കുന്നു” ; രാജ്യത്ത് സ്ഥിരതാമസമാക്കാൻ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് നിത്യാനന്ദ
ചെന്നൈ: ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ഇന്ത്യ വിട്ട നിത്യാനന്ദ ഹിന്ദുമതത്തിന്റെ പരമോന്നത നേതാവായാണ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്.
തനിക്ക് സൂര്യനെ വരെ നിയന്ത്രിക്കാൻ കഴിയുമെന്നും പശുക്കളെ ഇംഗ്ലീഷില്‍ സംസാരിപ്പിക്കാൻ സാധിക്കിപ്പിക്കും എന്നൊക്കെ അവകാശപ്പെടുന്നുമുണ്ട്. തെക്കേ അമേരിക്കയില്‍ ‘കൈലാസം’ എന്ന പേരില്‍ ഹിന്ദുമതസ്ഥർക്കായി ഒരു ദ്വീപ് സൃഷ്ടിച്ചതായും ഇയാള്‍ പറയുന്നു. ഇപ്പോഴിതാ കൈലാസം എന്ന രാജ്യം എവിടെയാണെന്ന് ഈ മാസം വെളിപ്പെടുത്തുമെന്ന് പറയുകയാണ് ഇയാള്‍.
തന്റെ “സാങ്കല്‍പ്പിക രാജ്യത്തിന്റെ” ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ മാസം 21 ന് വെളിപ്പെടുത്തുമെന്നാണ് നിത്യാനന്ദ പറയുന്നത്. “കൈലാസം തുറന്നു. എല്ലാ മനുഷ്യരെയും വിളിക്കുന്നു. ഞാൻ വാതില്‍ തുറന്നാലും നിങ്ങള്‍ വിചാരിച്ചാല്‍ മാത്രമേ അകത്ത് വരാൻ കഴിയൂ.” എന്നാണ് നിത്യാനന്ദ വീഡിയോയില്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് സ്ഥിരതാമസമാക്കാൻ ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും നിത്യാനന്ദ പറയുന്നു മാത്രമല്ല, അമേരിക്കയും ഐക്യരാഷ്‌ട്രസഭയും തന്റെ കൈലാസ രാജ്യം അംഗീകരിച്ചതായി അവകാശപ്പെടുന്ന ഫോട്ടോകളും നിത്യാനന്ദയുടെ സഹായികള്‍ കൈലാസയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തു.
‘കൈലാസം തുറന്നു. കൈലാസത്തിന്റെ സ്ഥാനം ഗുരുപൂർണിമ ദിനത്തില്‍ പ്രഖ്യാപിക്കും. ഞങ്ങള്‍ നിങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു, ഇപ്പോള്‍ തന്നെ കൈലാസ് നിവാസിയായി രജിസ്റ്റർ ചെയ്യുക.’ എന്ന കുറിപ്പിനൊപ്പം ഒരു വെബ്‌സൈറ്റ് ലിങ്കും വാട്ട്‌സ്‌ആപ്പ് നമ്ബറും പങ്ക് വച്ചിട്ടുണ്ട്.
എവിടെയാണ് കൈലാസ?
1978 ജനുവരി 1 ന് തമിഴ്‌നാട്ടിലാണ് നിത്യാനന്ദ ജനിച്ചത്. അരുണാചലം രാജശേഖരൻ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. നിത്യാനന്ദ അമേരിക്കയില്‍ എവിടെയോ ആണെന്നും ഇക്വഡോറിനടുത്തുള്ള ദ്വീപല്ല കൈലാസ എന്നും ഇതയാളുടെ സ്വന്തമല്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. “അയാള്‍ കാലിഫോർണിയയിലാണ്. ഇയാള്‍ക്ക് സാൻ ജോസില്‍ ഒരു വലിയ ഓഫീസ് ഉണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കരീബിയൻ ദ്വീപുകളിലെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയില്‍ നിത്യാനന്ദയും അയാളുടെ കുറേ അനുയായികളും താമസിക്കാൻ സ്ഥലം അന്വേഷിക്കുകയാണ്”, ഒരു ഉദ്യോഗസ്ഥൻ മണികണ്‍ട്രോളിനോട് പറഞ്ഞു.
സന്യാസിനികള്‍
നിത്യാനന്ദ തന്റെ രുദ്ര കന്യാസ് (ശിവഭക്തർ) എന്നു വിളിക്കുന്ന സന്യാസിനികള്‍ കൈലാസത്തിന് നിയമപരമായ അംഗീകാരം ലഭിക്കാൻ ശ്രമിച്ചു വരികയാണ്. അമേരിക്കയിലെ മുപ്പതോളം പട്ടണങ്ങളില്‍ ഇവർ പ്രചാരണത്തിനിറങ്ങി എന്നാണ് റിപ്പോർട്ടുകള്‍. ന്യൂജേഴ്സിയിലെ പട്ടണങ്ങളിലൊന്നായ നെവാർക്ക്, കൈലാസയെ സഹോദര നഗരമായി പ്രഖ്യാപിച്ചിരുന്നു. കൈലാസയുടെ പ്രതിനിധികളെ നെവാർക്ക് സിറ്റി ഹാളിലേക്ക് മേയർ റാസ് ബറാക്ക ക്ഷണിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തില്‍ കൈലാസ യഥാർത്ഥ രാജ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തു. സഹോദര നഗരം ആക്കാനുള്ള കരാറില്‍ ഒപ്പുവെച്ച് ദിവസങ്ങള്‍ക്ക് ശേഷം നെവാർക്ക് സിറ്റി കൗണ്‍സില്‍ കരാർ റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.
നിത്യാനന്ദ നാടു വിട്ടതെന്തിന്?
2019-ലാണ് ലൈംഗികാരോപണക്കേസില്‍, കോടതി സമൻസ് അവഗണിച്ച് നിത്യാനന്ദ ഇന്ത്യ വിട്ടത്. താനും അനുയായികളും ഇക്വഡോറില്‍ നിന്ന് ഒരു ദ്വീപ് വാങ്ങിയതായി പിന്നീട് ഈ ആള്‍ദൈവം അവകാശപ്പെട്ടു. പക്ഷേ, എല്ലാം വെറും കള്ളമാണെന്നാണ് തുടർന്നു പുറത്തു വന്ന റിപ്പോർട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.