കടുത്തുരുത്തിയിൽ കേരളാ കോൺഗ്രസുകൾ നേർക്കു നേർ പോരാട്ടം:ജയിച്ചാലും തോറ്റാലും കേരളാ കോൺഗ്രസ്: ആറു തവണ മത്സരിച്ച്‌ അഞ്ചിലും വിജയിച്ച യു.ഡി.എഫിലെ മോന്‍സ്‌ ജോസഫോ , അതോ മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിസന്റ് നിർമ്മല ജിമ്മിയോ?

Spread the love

കോട്ടയം: ജയിച്ചാലും തോറ്റാലും കേരളാ കോണ്‍ഗ്രസ്‌, പതിറ്റാണ്ടുകളായുള്ള കടുത്തുരുത്തി ചരിത്രം ഇത്തവണയും മാറില്ല, പതിവു പോലെ ഇത്തവണയും കേരളാ കോണ്‍ഗ്രസ്‌ നേര്‍ക്കുനേര്‍ പോരാട്ടം.

video
play-sharp-fill

ആറു തവണ മത്സരിച്ച്‌ അഞ്ചിലും വിജയിച്ച യു.ഡി.എഫിലെ മോന്‍സ്‌ ജോസഫും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന എല്‍.ഡി.എഫിലെ നിര്‍മലാ ജിമ്മിയും തമ്മിലാണ്‌ ഇത്തവണ പോരാട്ടം, ബി.ഡി.ജെ.എസ്‌.സ്‌ഥാനാര്‍ഥിയായി സുരേഷ്‌ ഇട്ടിക്കുന്നേലും സജീവമാണ്‌. കടുത്തുരുത്തി, മാഞ്ഞൂര്‍, മുളക്കുളം, ഞീഴൂര്‍, കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂര്‍, കുറവിലങ്ങാട്‌, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, വെളിയന്നൂര്‍ എന്നീ 11 പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണു മണ്ഡലം.

കടുത്തുരുത്തി, മുളക്കുളം, ഞീഴൂര്‍, മാഞ്ഞൂര്‍, ഉഴവൂര്‍, മരങ്ങാട്ടുപള്ളി, കാണക്കാരി പഞ്ചായത്തുകള്‍ യുഡിഎഫാണ്‌ ഭരിക്കുന്നത്‌. കടപ്ലാമറ്റം, കുറവിലങ്ങാട്‌്, വെളിയന്നൂര്‍ പഞ്ചായത്തുകള്‍ എല്‍.ഡിഎ.ഫും കിടങ്ങൂര്‍ ബി.ജെ.പിയും ഭരിക്കുന്നു. മുന്നണികള്‍ മാറിയിട്ടുണ്ടെങ്കിലും മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഭൂരിഭാഗം തവണയും വിജയിച്ചത്‌ കേരളാ കോണ്‍ഗ്രസ്‌ സ്‌ഥനാര്‍ഥികളാണ്‌. കേരളാ കോണ്‍ഗ്രസുകള്‍ക്ക് ശക്‌തമായ സ്വാധീനമുള്ള മണ്ഡലത്തില്‍, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ വോട്ടിനെ സ്വാധീനിക്കും. റബറും നെല്ലും പച്ചക്കറികളും ജാതിയും വാഴയുമൊക്കെയാണ്‌ പ്രധാന കാര്‍ഷിക വിളകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്‌ട്രീയത്തിനൊപ്പം ഇവയുടെ വിലയിടിവും വര്‍ധനയുമൊക്കെ നിര്‍ണായകമാണ്‌. അഞ്ചു തവണ എം.എല്‍.എയായതിന്റെ കരുത്തിലാണ്‌ മോന്‍സ്‌ ജോസഫ്‌ വോട്ടര്‍മാരുടെ മുന്നിലേക്കെത്തുന്നത്‌. ഭൂരിഭാഗം വോട്ടര്‍മാരെയും നേരിട്ടറിയാവുന്ന രീതിയിലുള്ള ബന്ധങ്ങളും യു.ഡി.എഫിന്റെ രാഷ്‌ട്രീയ മനസും വിജയം ഉറപ്പിക്കുമെന്ന കണക്കുകൂട്ടലിലാണു മോന്‍സ്‌. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും ആത്മവിശ്വാസം പകരുന്നു. മണ്ഡലത്തില്‍ പാര്‍ട്ടിയ്‌ക്കുള്ള സ്വാധീനത്തിലാണ്‌ കേരളാ കോണ്‍ഗ്രസ്‌ (എം) സ്‌ഥാനാര്‍ഥി നിര്‍മല ജിമ്മിയുടെ പ്രതീക്ഷ. കഴിഞ്ഞ ടേമില്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുറവിലങ്ങാട്‌ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത്‌ മെമ്ബറുമായിരുന്നു.

ആദ്യ ഘട്ടത്തില്‍ ജോസ്‌ കെ.മാണി ഇവിടെ സ്‌ഥാനാര്‍ഥിയാകുമെന്നു പ്രചാരണമുണ്ടായിരുന്നു. പിന്നീട്‌ പലരെ പരിഗണിച്ച ശേഷമാണു നിര്‍മലയിലേക്ക്‌ എത്തിയത്‌.കഴിഞ്ഞ തവണ ബി.ജെ.പി.മത്സരിച്ച മണ്ഡലത്തില്‍ അവസാന നിമിഷമാണ്‌ സീറ്റ്‌ ബി.ഡി.ജെ.എസിനു കൈമാറിയത്‌. മണ്ഡലത്തില്‍ സ്വാധീനമുള്ള സുരേഷ്‌ ഇട്ടിക്കുന്നേലാണ്‌ സ്‌ഥാനാര്‍ഥി. കിടങ്ങൂര്‍ പഞ്ചായത്തില്‍ ബി.ജെ.പിയ്‌ക്കു ഭരണത്തിലെത്താന്‍ കഴിഞ്ഞതിന്റെ നേട്ടം വോട്ടിലും പ്രതിഫലിക്കുമെന്ന്‌ എന്‍.ഡി.എ. മുന്നണി കരുതുന്നു.

മോന്‍സ്‌ ജോസഫ്‌
1995 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്ന മോന്‍സ്‌ ജോസഫ്‌ 2001ല്‍ മാത്രമാണ്‌ പരാജയപ്പെട്ടത്‌. കേരളാ കോണ്‍ഗ്രസ്‌ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാനും മുന്‍ പൊതുമരാമത്ത്‌ മന്ത്രിയുമാണ്‌. കെ.എസ്‌.സി – ജെ സംസ്‌ഥാന പ്രസിഡന്റ്‌, യൂത്ത്‌ ഫ്രണ്ട്‌ സംസ്‌ഥാന പ്രസിഡന്റ്‌, കേരളാ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌, സംസ്‌ഥാന ജനറല്‍ സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്‌. ഭാര്യ സോണിയ, മകള്‍ മരീന.

നിര്‍മല ജിമ്മി
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ളാലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ പദവികള്‍ വഹിച്ചിട്ടുണ്ട്‌ നിര്‍മല ജിമ്മി. മൂന്നു തവണ ജില്ലാ പഞ്ചായത്ത്‌ അംഗമായി. സംസ്‌ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ , പാലാ അര്‍ബന്‍ സൊസൈറ്റി എന്നിവയുടെ മുന്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഭര്‍ത്താവ്‌ പ്രവിത്താനം ചന്ദ്രന്‍കുന്നേല്‍ സി.എ. ജിമ്മിച്ചന്‍. മക്കള്‍: ജിനോ, ജിയോ.

സുരേഷ്‌ ഇട്ടിക്കുന്നേല്‍
ബി.ഡി.ജെ.എസ്‌. കോട്ടയം ഈസ്‌റ്റ് ജില്ലാ പ്രസിഡന്റായ സുരേഷ്‌ ഇട്ടിക്കുന്നേല്‍ റബര്‍ടിമ്ബര്‍ മര്‍ച്ചന്റ്‌ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റാണ്‌. മീനച്ചില്‍ എസ്‌.എന്‍.ഡി.പി. യൂണിയന്‍ ചെയര്‍മാനായും ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ 18 വര്‍ഷമായി സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഭാര്യ മഞ്‌ജു. മക്കള്‍: അമല്‍, അക്ഷയ്‌, ആദിത്യന്‍.