
സ്വന്തം ലേഖകൻ
കടുത്തുരുത്തി: കടുത്തുരുത്തിയിലും പരിസര പ്രദേശങ്ങളിലുമായി അടുത്തകാലത്തായി നടന്ന പ്രണയതട്ടിപ്പ് കേസ്, വിദ്യാര്‍ഥികള്‍ക്കിടയിലെ മദ്യം, മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയ്ക്കെതിരെ ജാതി, മത, വര്‍ഗ, രാഷ്ട്രീയ വ്യത്യാസമില്ലാതെ ജാഗ്രത പുലര്‍ത്താന്‍ ജാഗ്രതാ സമിതി.
രാവിലെയും വൈകുന്നേരങ്ങളിലും ടൗണിലും സ്കൂളുകളുടെ പരിസരപ്രദേശങ്ങളിലും പോലീസിന്റെയും എക്സൈസിന്റെയും സാന്നിധ്യം ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കുമെന്നു ജാഗ്രതാസമിതി യോഗം ഉദ്ഘാടനം ചെയ്ത മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വര്‍ധിച്ചു വരുന്ന സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരേ ജാഗ്രത പുലര്‍ത്താനും നടപടികള്‍ക്കുമായി പോലീസ്, എക്സൈസ് വകുപ്പുകളുമായി സഹകരിച്ചാകും ജാഗ്രതാസമിതിയുടെ പ്രവര്‍ത്തനം. എല്ലാവിധ സഹായങ്ങളുമുണ്ടാകുമെന്നു യോഗത്തില്‍ പങ്കെടുത്ത രണ്ടു വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്പെഷല്‍ പെട്രോളിംഗ് ശക്തമാക്കും. സെന്റ് മേരീസ് ഫൊറോനാ വലിയപള്ളി, സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി, മുട്ടുചിറ റൂഹാദകുദിശാ ഫൊറോനാ പള്ളി എന്നീ ഇടവകകളുടെ നേതൃത്വത്തിലാണ് ജാഗ്രത സമിതി രൂപീകരിച്ചത്.
കടകളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും വഴിയിലും ജംഗ്ഷനുകളിലുമൊക്കെ നിശ്ചിത സമയത്തിലധികം തങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും. ദേവാലയങ്ങളുടെയും സ്കൂളുകളുടെയും പരിസരങ്ങളില്‍ സാമൂഹ്യവിരുദ്ധ പ്രവര്ത്തനങ്ങള്ക്കായെത്തുന്നവരെ കണ്ടെത്തും.
താഴത്തുപള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറന്പില്‍ അധ്യക്ഷത വഹിച്ചു. വലിയപള്ളി വികാരി ഫാ. എബ്രഹാം പറന്പേട്ട്, താഴത്തുപള്ളി സഹവികാരി ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, വൈസ്പ്രസിഡന്റ് സി.ബി. പ്രമോദ്, പഞ്ചായത്തംഗങ്ങളായ ജിന്‍സി എലിസബത്ത്, ടോമി നിരപ്പേല്‍, കെ. ജയകൃഷ്ണന്, പീറ്റര്‍ മ്യാലിപ്പറമ്പില്‍, സാനിച്ചന്‍ കണിയാംപറമ്പില്‍, തോമസ് വെട്ടുവഴി, ജോയി കളപ്പറമ്പത്ത്, ജോണി കണിവേലില്‍, സെന്റ് മൈക്കിള്‍സ് സ്കൂള്‍ പ്രിന്‍സിപ്പള്‍ സീമ സൈമണ്‍, ഹെഡ്മാസ്റ്റര് പി.സി. ക്രിസ്റ്റീന്‍, മുട്ടുചിറ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് എം.കെ. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രണയതട്ടിപ്പ്, ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരേ യുള്ള നടപടികള്‍ക്കായി രൂപീകരിച്ച ജാഗ്രതാ സമിതിയുടെ ഭാരവാഹികളെ യോഗത്തില്‍ തെരഞ്ഞെടുത്തു. മോന്‍സ് ജോസഫ് എംഎല്‍എ, താഴത്തുപള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, വലിയപള്ളി വികാരി ഫാ. അബ്രഹാം പറന്പേട്ട് എന്നിവര്‍ രക്ഷാധികാരികളായും പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു ചെയര്‍പേഴ്സണായും പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷയും വാര്‍ഡ് മെമ്പറുമായ ജിന്‍സി എലിസബത്ത് കണ്‍വീനറായും പഞ്ചായത്തംഗം ടോമി നിരപ്പേല്‍ ജോയിന്റ് കണ്‍വീനറായും എക്സിക്യൂട്ടിവ് അംഗങ്ങളും ഉള്‍പ്പെടുന്ന കമ്മിറ്റിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.