മദ്യലഹരിയിൽ പരാക്രമം, കടുത്തുരുത്തിയിൽ അടഞ്ഞുകിടന്ന റെയില്‍വേ ഗേറ്റ് സ്‌കൂട്ടറിടിപ്പിച്ച് തുറക്കാൻ ശ്രമിച്ചു! ഇതോടെ ഗേറ്റ് തകരാറിലായി ; യുവാവ് അറസ്റ്റിൽ

Spread the love

കോട്ടയം : കടുത്തുരുത്തിയിൽ അടഞ്ഞുകിടന്ന റെയില്‍വേ ഗേറ്റ് സ്‌കൂട്ടറിടിപ്പിച്ചു തുറക്കാൻ ശ്രമിച്ചു, ഇതോടെ ഗേറ്റ് തകരാറിലായി, സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച യുവാവിനെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു.

മാഞ്ഞൂര്‍ ഇരവിമംഗലം പഴംഞ്ചിറയില്‍ ഷൈന്‍ സേവ്യര്‍ (38) നെയണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ-മധുര മിനി ഹൈവേയില്‍ ഉള്‍പ്പെട്ട കുറുപ്പന്തറ-കല്ലറ റോഡില്‍ കുറുപ്പന്തറ റെയില്‍വേ ഗേറ്റില്‍ വ്യാഴാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം.

ഇതുസംബന്ധിച്ചു കോട്ടയം റെയില്‍ സുരക്ഷാസേന പറയുന്നതിങ്ങനെ: തിരുവനന്തുപുരത്തുനിന്നും എറണാകുളത്തേക്ക് വഞ്ചിനാട് കടന്നുപോകാനായാണ് റെയില്‍വേ ഗേറ്റ് അടച്ചിട്ടത്. ഈ സമയം കുറുപ്പന്തറ കവലയില്‍നിന്നും മണ്ണാറപ്പാറ ഭാഗത്തേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന ഷൈന്‍ ഗേറ്റിലേക്കു വാഹനം ഇടിപ്പിച്ചു ഗേറ്റ് തുറക്കാന്‍ ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തില്‍ ഗേറ്റിന്‍റെ ഇരുമ്ബ് നെറ്റിനും ബാരിയറിനും തകരാര്‍ സംഭവിക്കുകയും സ്‌ക്രൂവും നട്ടുമെല്ലാം ഇളകി പോവുകയും ചെയ്തതോടെ ഗേറ്റ് തുറക്കാന്‍ കഴിയാതെവന്നു. ഇയാളുടെ വാഹനത്തിനും തകരാര്‍ ഉണ്ടായി.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗേറ്റ് കീപ്പര്‍ വിവരം അറിയിക്കുകയും ആപ്പാഞ്ചിറ ഭാഗത്തുണ്ടായിരുന്ന റെയില്‍വേ സുരക്ഷാസേന സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് ആര്‍പിഎഫ് പറയുന്നു. അഞ്ചു വര്‍ഷം വരെ തടവ് കിട്ടാവുന്ന കേസാണിതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

കോട്ടയം ആര്‍പിഎഫ് എസ്‌ഐ എന്‍.എസ്. സന്തോഷ്, എഎസ്‌ഐമാരായ ബിജു ഏബ്രഹാം, എസ്. സന്തോഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോട്ടയം സിജെഎം കോടതിയില്‍ ഹാജരാക്കിയ ഷൈനെ 17 വരെ റിമാന്‍ഡ് ചെയ്തു. ഗേറ്റ് തകരാറിലായതിനെത്തുടര്‍ന്ന് പത്ത് മണിക്കൂറിലധികം സമയം വാഹന ഗതാഗതം വഴി തിരിച്ചു വിട്ടു.

മാഞ്ഞൂര്‍ റെയില്‍വേ മേല്‍പാലം, കണ്ടാറ്റുപാടം, മള്ളിയൂര്‍ റോഡ് എന്നിവിടങ്ങളിലൂടെയാണ് ഗതാഗതം തിരിച്ചുവിട്ടത്. കോട്ടയത്തുനിന്നു റെയില്‍വേ എന്‍ജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരെത്തി തകരാര്‍ പരിഹരിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ പത്തോടെയാണ് ഇതുവഴിയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. ട്രെയിന്‍ ഗതാഗതം തടസമില്ലാതെ നടന്നു.