
കടപ്ലാമറ്റം: പഞ്ചായത്ത് ആസ്ഥാനത്ത് ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയം വരുന്നു. കായിക രംഗത്ത് വലിയ മുന്നേറ്റത്തിനു സാധ്യതകള്‍ തുറന്നുകൊണ്ടാണ് സ്റ്റേഡിയം ഉയരുന്നത്.
ഒരു കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം സജ്ജമാക്കുന്നത്. കടപ്ലാമറ്റം ജംഗ്ഷനോടു ചേർന്നു കാഞ്ഞിരപ്പാറ ഭാഗത്ത് പഞ്ചായത്ത് വിട്ടുനല്‍കിയ ഒരേക്കർ സ്ഥലത്താണ് സ്റ്റേഡിയം.
യുവജന കായികക്ഷമത കൂട്ടാൻ സംസ്ഥാന കായികവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയുമായി ചേർത്ത് എംഎല്‍എ ഫണ്ട് കൂടി നല്‍കിയാണ് സ്റ്റേഡിയം യാഥാർഥ്യമാക്കുന്നതെന്ന് മോൻസ് ജോസഫ് എംഎല്‍എ അറിയിച്ചു.
കായിക വകുപ്പ് കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ അനുവദിച്ച ഗ്രാമീണ കളിക്കളം നിർമാണ പദ്ധതിയിലാണ് സ്റ്റേഡിയം നിർമാണം. കായികക്ഷേമ വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപയും എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയതാണ് ഫണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപ പഞ്ചായത്തുകള്‍ക്കും
പ്രയോജനം
കടപ്ലാമറ്റത്ത് സ്റ്റേഡിയം നിർമിക്കുന്നതിലൂടെ സമീപ പഞ്ചായത്തുകളായ മരങ്ങാട്ടുപള്ളി, കിടങ്ങൂർ, കുറവിലങ്ങാട് പ്രദേശങ്ങളില്‍നിന്നുള്ള യുവതലമുറയ്ക്കും സഹായകമാകും. പൊതുജനങ്ങള്‍ക്കു സുരക്ഷിതമായി വ്യായാമം ചെയ്യാനും സ്റ്റേഡിയം ഉപയോഗിക്കാം.
നിർമാണോദ്ഘാടനം 14ന് രണ്ടിനു നടക്കും. മോൻസ് ജോസഫ് എംഎല്‍എ അധ്യക്ഷനാകുന്ന സമ്മേളനത്തില്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം നിർവഹിക്കും. ജനപ്രതിനിധികള്‍ പങ്കെടുക്കും.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ചചെയ്യാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന വികസന യോഗം11ന് ഉച്ചകഴിഞ്ഞ് മൂന്നിന് കടപ്ലാമറ്റം പഞ്ചായത്തില്‍ ചേരുമെന്ന് എംഎല്‍എ അറിയിച്ചു.