ബി.ജെ.പിക്കാരനേയോ ,ആർ.എസ്.എസുകാരനേയോ പമ്പയിലോ, നിലക്കലോ, സന്നിധാനത്തോ ഇപ്പോൾ കാണാനില്ല
സ്വന്തംലേഖകൻ
തിരുവനന്തപുരം: ശബരിമലയെ കൊണ്ടുള്ള ബി.ജെ.പിയുടെ ആവശ്യം കഴിഞ്ഞുവെന്നും ശബരിമലയ്ക്ക് വേണ്ടി ഇപ്പോൾ ഒരു ബി.ജെ.പികാരനും രംഗത്തിറങ്ങുന്നത് കാണുന്നില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്വകാര്യ ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്ന വിഷയത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. മൃഗീയ ഭൂരിപക്ഷം നേടി വിജയിച്ച ബി.ജെ.പി തന്നെ ഈ വിഷയത്തിൽ നിയമം കൊണ്ട് വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബിൽ അവതരിപ്പിക്കാൻ ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ ലോക്സഭയിൽ നോട്ടീസ് നൽകിയിരുന്നു. ബിൽ വെള്ളിയാഴ്ചയാണ് ലോക്സഭയിൽ അവതരിപ്പിക്കുക. ബിജെപി രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വച്ച് വിശ്വാസ സമൂഹത്തെ മുതലെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ശബരിമലയിലെ കാര്യങ്ങൾ അന്വേഷിക്കാനോ അവിടെ സ്ത്രീകൾ കയറുന്നുണ്ടോ എന്ന് അന്വേഷിക്കാനോ ഒരു ബി.ജെ.പിക്കാരനേയും കാണാനില്ലല്ലോ എന്നും മന്ത്രി പരിഹസിച്ചു. എന്നാൽ ബിനോയ് വിഷയത്തെക്കുറിച്ച് ചോദ്യം വന്നപ്പോൾ അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കടകംപളളി സുരേന്ദ്രൻ. പതിനൊന്ന് വയസ്സുകാരി അവിടെ കയറുന്നുണ്ടോ, 51 വയസുകാരി അവിടെ കയറുന്നുണ്ടോ, 49 ആണോ പ്രായം, എന്നൊന്നും അന്വേഷിക്കാൻ ഒരു ബി.ജെ.പിക്കാരനേയോ ,ആർ.എസ്.എസുകാരനേയോ പമ്പയിലോ, നിലയ്ക്കലോ, സന്നിധാനത്തോ ഇപ്പോൾ കാണാനില്ല. അവരുടെ രാഷ്ട്രീയ താൽപ്പര്യമായിരുന്നു യഥാർത്ഥത്തിൽ ഉയർന്നുനിന്നത് എന്നുള്ളത് വസ്തുതയാണ്.’ മന്ത്രി പറഞ്ഞു. രാജ്യത്തെ നിയമവാഴ്ച സംരക്ഷിക്കപ്പെടണം എന്നുള്ള ആഗ്രഹം മാത്രമേ സർക്കാരിനുള്ളൂ എന്നും മറ്റൊരു താൽപ്പര്യവും സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ മാത്രമല്ല ഒരു കോൺഗ്രസ്കാരനേയും അവിടെങ്ങും കാണാനില്ല എന്നും കടകംപള്ളി പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവരുടെ ആവശ്യം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സ്വകാര്യ ബില്ലിനും ഉണ്ടാകുന്ന അനുഭവം തന്നെ ഈ ബില്ലിനും ഉണ്ടാകും എന്ന കാര്യത്തിൽ സംശയമൊന്നുമില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എൻ.കെ പ്രേമചന്ദ്രൻ ശബരിമല രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നയാളാണെന്നും അദ്ദേഹത്തിന് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും മന്ത്രി ആരോപിച്ചു. ബി.ജെ.പിയുടെ യഥാർത്ഥ നയം എല്ലാവർക്കും അറിയാമെന്നും വർഗീയ വിഷം ചുരത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ അവർ വിജയിച്ചുണ്ടെന്നും കടകംപള്ളി പറഞ്ഞു.