
തിരുവനന്തപുരം: സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ കടകംപ്പള്ളി സുരേന്ദ്രനെതിരെയും അന്വേഷണം. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കടകംപ്പള്ളി സുരേന്ദ്രൻ മോശം സന്ദേശങ്ങള്‍ അയച്ചുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് പരാതി.
കോൺഗ്രസ് നേതാവും ഡിസിസി വൈസ് പ്രസിഡൻ്റുമായ എം മുനീർ നൽകിയ പരാതി അന്വേഷണത്തിനായി സിറ്റി പൊലിസ് കമ്മീഷണർക്ക് കൈമാറി. ആരോപണം ഉന്നയിച്ച സ്ത്രീ നേരിട്ട് പരാതി നൽകാത്ത സാഹചര്യത്തിൽ അന്വേഷണത്തിന് കൈമാറേണ്ടതുണ്ടോയെന്ന ചർച്ച ഉയർന്നുവന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരെ വിവിധ പരാതികളിൽ അന്വേഷണം വന്ന സാഹചര്യത്തിലാണ് ഈ പരാതിയും കൈമാറിയത്. സിറ്റി കമ്മീഷണറുടെ കീഴിൽ രഹസ്യമായാണ് അന്വേഷണം നടത്തുന്നത്.
അന്വേഷണം സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൽ
കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിക്കാരൻ്റെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവതികൾ വെളിപ്പെടുത്തൽ നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം കേസുമായി മുന്നോട്ട് പോവുന്നതിനിടെയാണ് സിപിഎം നേതാവിനെതിരെ സമാനമായ പരാതിയുമായി കോൺഗ്രസ് നേതാവും രംഗത്തെത്തുന്നത്. അതേസമയം, നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം നടത്തിയ യുവതികളാരും പരാതി നൽകിയിട്ടില്ല.