ദേവസ്വം ജീവനക്കാരിൽ 60 ശതമാനവും ക്രിസ്ത്യാനികളെന്ന പരാമർശം; കെ.പി ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കടകംപള്ളി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദേവസ്വം ബോർഡിലെ ജീവനക്കാരിൽ 60 ശതമാനം പേരും ക്രിസ്ത്യാനികളാണെന്ന് പരാമർശിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വർഗീയത പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വനിതാ നേതാവാണ് ശശികല. അവർക്കെതിരെ സർക്കാർ കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി നിയമസഭയിൽ വ്യക്തമാക്കി.
ശബരിമലയിൽ ആർഎസ്എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഭക്തജനങ്ങൾക്കെതിരെയല്ല ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാൻ ശ്രമിക്കുന്ന വത്സൻ തില്ലങ്കേരി അടക്കമുള്ള സാമൂഹികവിരുദ്ധരെ ലക്ഷ്യമിട്ടാണ് സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പും ഒരു സീറ്റും കുറച്ചായിരം വോട്ടും കിട്ടാനാണ് ചിലർ ഈ വിഷയം കത്തിക്കുന്നത്. ഇതേക്കുറിച്ച് സർക്കാരിന് കൃത്യമായി അറിയാം. കോൺഗ്രസ് ഈ വിഷയത്തിൽ ബി.ജെ.പിയുടെ കെണിയിൽപ്പെട്ടു. പ്രഖ്യാപിത നിലപാട് മറന്നാണ് കോൺഗ്രസ് ഇപ്പോൾ കളിക്കുന്നത്. സങ്കുചിത താത്പര്യ രാഷ്ട്രീയത്തിൽ നിന്നും രാജ്യത്തിന്റെ വിശാലമായ താൽപര്യത്തിലേക്ക് വരാൻ യു.ഡി.എഫ് തയാറാകണമെന്നും കടകംപള്ളി പറഞ്ഞു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്നു സർക്കാരിന് ഒരു വാശിയും ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ 10000 കണക്കിന് സ്ത്രീകൾ മല കയറിയേനെ. അത് ആർക്കും തടയാനും ആകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group