മന്ത്രി കടകംപള്ളിയുടെ പൈലറ്റ് വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മന്ത്രി കടകംപള്ളിയുടെ പൈലറ്റ് വാഹനവും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. തിരുവനന്തപുരം റൂറലിലെ പൈലറ്റ് വാഹനമാണ് അപകടത്തിൽപ്പെട്ടത്.വെങ്ങാനൂർ ചാവടി നടയിൽ വെച്ചാണ് ഞായറാഴ്ച രാത്രി എട്ടു മണിയോടെ പോലീസ് വാഹനം കാറിലിടിച്ചത്. കാർ യാത്രികരായ രണ്ടു പേർക്കാണ് പരിക്കേറ്റത്. പെരിങ്ങമ്മല കക്കാകുഴി ലക്ഷം വീട്ടിൽ രാജേഷിനും ഒപ്പമുണ്ടായിരുന്ന സഹോദരിക്കുമാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന് എസ്‌കോർട്ട് പോയി മടങ്ങിയെത്തിയതായിരുന്നു പൈലറ്റ് വാഹനം. പെരിങ്ങമ്മലയിൽ നിന്നും വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന പോലീസ് വാഹനം എതിരെ വന്ന കാറിലിടിക്കുകയായിരുന്നുവെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പോലീസ് തയാറായില്ലെന്നും നാട്ടുകാർ ആരോപിച്ചു. എന്നാൽ എതിരെ വന്ന കാർ ജീപ്പിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.