
ഡല്‍ഹി : കച്ചവട സ്ഥാപനങ്ങളുടെ ചരക്ക് വിതരണ വാഹനങ്ങളില്‍ നിന്ന് ചരക്കിറക്കാൻ ചുമട്ടു തൊഴിലാളിക്കല്ല, അവിടുത്തെ ജീവനക്കാർക്ക് തന്നെ അവകാശം.
ജീവനക്കാർക്ക് ചരക്കിറക്കാൻ അനുമതി നല്‍കുന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി ശരിവച്ചു. ഓരോ പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളുടെ വിതരണവും ചരക്കിറക്കും അതാത് പ്രദേശങ്ങളിലെ ചുമട്ടു തൊഴിലാളികള്‍ക്കാണെന്ന ചുമട്ടു തൊഴിലാളി ക്ഷേമബോർഡിന്റെ വാദം തള്ളി കൊണ്ടുള്ളതാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. 2016 ല്‍ ജീവനക്കാരെക്കൊണ്ട് ചുമടിറക്കാൻ അനുവദിക്കാതെ തൊഴിലാളി യൂണിയൻ ഇടപെട്ട വിഷയത്തിന്റെ തർക്കമാണ് സുപ്രീം കോടതി വരെ എത്തിയത്.
മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വലിയ തല വേദനയായി മാറിയ നോക്കു കൂലി വിഷയത്തിനും ഇതോടെ അന്ത്യമാകുമെന്നാണ് കരുതുന്നത്. കേരളത്തില്‍ ഒരു ലക്ഷത്തോളം ജീവനക്കാരാണ് ചരക്കു വിതരണവും ലോഡിംഗ് ജോലികളിലുമായി ഉള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർക്ക് തങ്ങളുടെ തൊഴിലിനു തന്നെ ഭീഷണിയായിരുന്ന വിവിധ പ്രശ്നങ്ങള്‍ ആണ് തൊഴിലാളി യൂണിയനുകളുടെ അനാവശ്യമായ ഇടപെടലുകള്‍ കൊണ്ട് നേരിട്ടിരുന്നത്. 2016 ലെ വിഷയവുമായി ബന്ധപ്പെട്ട് ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കോടതിയെ സമീപിക്കുകയായിരുന്നു. 2017 ല്‍ ഇത് സംബന്ധിച്ച് ഹൈക്കോടതി വിധി വന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡും വിവിധ തൊഴിലാളി യൂണിയനുകളും ചേർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് സമർപ്പിച്ച അപ്പീല്‍ ആണ് സുപ്രീംകോടതി തള്ളിയത്. കേരളത്തില്‍ ചെറുകിട ഇടത്തരം സംരംഭകർ പോലും ഏറെ നാളായി നേരിട്ടിരുന്ന പ്രശ്നമായിരുന്നു വിതരണത്തിലും ചരക്ക് നീക്കത്തിലും നേരിട്ടിരുന്ന നോക്കു കൂലി പ്രശ്നം. സുപ്രീം കോടതി വിധിയോടെ ഇക്കാര്യത്തില്‍ പ്രശ്ന പരിഹാരമാകുമെന്നും ഇത് നടപ്പിലാക്കാൻ സംസ്ഥാനതലത്തില്‍ സജീകരണങ്ങള്‍ ഏർപ്പെടുത്തുകയാണ് ഭരണകൂടം ചെയ്യേണ്ടതെന്നാണ് സംരംഭകർ അഭിപ്രായപ്പെടുന്നത്.