കൊലപാതകത്തിന് 10 ദിവസം മുൻപ് ചെപ്പുകുളത്തെത്തി സാഹചര്യങ്ങൾ മനസ്സിലാക്കി; കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളിയതിന് ശേഷം സുഹൃത്തായ ഇറാനിയൻ യുവതിക്കൊപ്പം ദസറ ആഘോഷങ്ങൾ കാണാൻ മൈസൂരുവിലേക്ക്; ട്രാവൽ ഗൈഡ് കൂടിയായ സാമിന് കുരുക്കുമുറുകുന്നു..!

Spread the love

കോട്ടയം: ഭാര്യ ജെസിയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ കേസിൽ ഭർത്താവ് സാം കെ.ജോർജ് മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തി.

കാറിനുള്ളിൽ നിന്ന് വെട്ടുകത്തിയും കിട്ടി. അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം സാമുമായി (59) പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് കോട്ടയം ശാസ്ത്രി റോഡിലെ ബാങ്കിന്റെ പാർക്കിങ് പ്രദേശത്തുനിന്ന് കാർ കണ്ടെത്തിയത്.

കാണക്കാരി രത്നഗിരി പള്ളിക്കു സമീപത്തെ കപ്പടക്കുന്നേൽ ജെസി (49) 26നു രാത്രി വീട്ടിൽ വച്ചാണ് കൊല്ലപ്പെട്ടത്.
വീട്ടിൽ നിന്ന് 60 കിലോമീറ്ററിലധികം അകലെ ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂപോയിന്റിൽ നിന്ന് ജെസിയുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമിന് മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനും ജെസിയുമായി ഉണ്ടായിരുന്ന രണ്ടു കേസുകളിൽ വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കൾ നഷ്ടമാകുമെന്നും കരുതിയുമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിനു 10 ദിവസം മുൻപ് ചെപ്പുകുളത്തെത്തി സാഹചര്യങ്ങൾ മനസ്സിലാക്കിയ പ്രതിയുടെ ഫോണിൽ നിന്ന് വ്യൂപോയിന്റിന്റെ ഫോട്ടോകളും പൊലീസ് കണ്ടെത്തി.

മൃതദേഹം കൊക്കയിൽ തള്ളിയതിനു ശേഷം പുലർച്ചെ കൊച്ചിയിലെത്തിയ സാം സുഹൃത്തായ ഇറാനിയൻ യുവതിക്കൊപ്പം വൈറ്റിലയിൽ നിന്ന് 27ന് രാത്രി ബസ് കയറിയാണ് ബെംഗളൂരുവിലേക്കും അവിടെനിന്ന് ദസറ ആഘോഷങ്ങൾ കാണാനായി മൈസൂരുവിലേക്കും കടന്നത്. ട്രാവൽ ഗൈഡ് കൂടിയാണ് സാം.

കൊലപാതകത്തിൽ ഇറാനിയൻ യുവതിക്കു പങ്കില്ലെന്നു കണ്ട് വിട്ടയച്ചതായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് അറിയിച്ചു.

ജെസിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് വിഭാഗത്തിൽ ഇന്നലെ നടന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. മൃതദേഹ ഭാഗങ്ങൾ രാസ– ഡിഎൻഎ പരിശോധനകൾക്കായി സാംപിളുകൾ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ലാബുകളിലേക്ക് അയച്ചു. ജെസിയുടെ സംസ്കാരം ജന്മനാടായ കൈപ്പട്ടൂരിൽ നടക്കും. തിരുവല്ല ജനറൽ ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.