യൂസഫലിയെ ടിവിയിലൊക്കെ കണ്ട് പരിചയമുണ്ടായിരുന്നത് കൊണ്ട് വേഗം തിരിച്ചറിഞ്ഞു; പുള്ളി ചെയ്ത പുണ്യത്തിന്‍റെ ഫലം കൊണ്ടാണ് , അല്ലെങ്കിൽ ഹെലികോപ്റ്റർ കത്തിയേനെ ; രക്ഷിക്കാൻ ഓടിയെത്തിയവർ പറയുന്നു
സ്വന്തം ലേഖകൻ
കൊച്ചി : വ്യവസായി എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രതകരാര്‍ കാരണം അടിയന്തരമായി ഇടിച്ച് ഇറക്കിയപ്പോൾ രക്ഷിക്കാനോടിയെത്തിയത് പ്രദേശവാസികളാണ്.
“രാവിലെ 8.30ഓടെയാണ് സംഭവം. മഴയുണ്ടായിരുന്നു. വലിയ ശബ്ദത്തോടെയാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയത്. വേറെ സ്ഥലത്തായിരുന്നെങ്കില്‍ കത്തിപ്പിടിച്ചേനെ. പുള്ളി ചെയ്ത പുണ്യത്തിന്‍റെ ഫലം കൊണ്ടാണ് ഇങ്ങനെ ആയത്. പൈലറ്റടക്കം അഞ്ച് പേരുണ്ടായിരുന്നു. സാധാരണ ഗ്രൌണ്ടിലാണ് വന്നിറങ്ങാറുള്ളത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നവരെ പുറത്തുവരാന്‍ സഹായിച്ചു. ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു”.
Whatsapp Group 1 | Whatsapp Group 2 |Telegram Group
“സാറിനെ ആദ്യം താങ്ങിക്കൊണ്ടുവന്ന് ഇരുത്തി. ആദ്യം ഇരിക്കാനായില്ല. നടുവേദനയുണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന്‍റെ ഭാര്യയെയും ഇറക്കി. യൂസഫലിയെ ടിവിയിലൊക്കെ കണ്ട് പരിചയമുണ്ടായിരുന്നു. അങ്ങനെ തിരിച്ചറിഞ്ഞു. ഇനി പുള്ളിയല്ല ആരായാലും നമ്മള്‍ രക്ഷിക്കുമല്ലോ. പൈലറ്റ് ഹിന്ദിയോ മറ്റോ ആണ് സംസാരിച്ചത്. ഒന്നും മനസ്സിലായില്ല. പൊലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആര്‍ക്കും വലിയ പരിക്കുകളൊന്നുമില്ല. അതുകൊണ്ടുതന്നെ വലിയ സന്തോഷം”.
തക്ക സമയത്ത് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ നാട്ടുകാരെ അഭിനന്ദിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
യന്ത്രം തകരാറിലായിട്ടും ഹെലികോപ്്റ്റര്‍ ചതുപ്പു നിലത്തില്‍ ഇടിച്ചിറക്കാനായത് അപകടത്തിന്റെ ആഘാതം കുറച്ചു. മുട്ടിനൊപ്പം വെള്ളമുള്ള ചതുപ്പു നിലത്തേക്ക് ഇടിച്ചിറങ്ങിയതും സമീപത്തുള്ള മതിലില്‍ ലീഫ് തട്ടാതിരുന്നതും തീപിടിത്തം ഉള്‍പ്പടെയുള്ള വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.
പൈലറ്റിന്റെ മനസാന്നിധ്യമാണ് വന്‍ദുരന്തം ഒഴിവാക്കിയത്. നാലു ചുറ്റും മതിലുള്ള പറമ്ബിലേക്ക് കൃത്യം ഇറക്കാനായത് പൈലറ്റിന്റെ വൈദഗ്ധ്യമാണെന്നാണു വിലയിരുത്തല്‍. കൂടാതെ സമീപത്തു വീടുകളും തിരക്കേറിയ നാഷനല്‍ ഹൈവേയും മുകളില്‍ വൈദ്യുതി ലൈനും ഉണ്ടായിരുന്നു. ചെറിയൊരു പാളിച്ച വന്‍ദുരന്തത്തിലേക്കു വഴിമാറുമായിരുന്നു.
ഹെലികോപ്റ്റര്‍ മുകളില്‍ നിന്നു ഇടിച്ചു വീഴുകയായിരുന്നു എന്നാണ് സമീപവാസികളില്‍നിന്ന് അറിയാനായത്. ചെളിക്കുഴിയിലേക്ക് ഇറങ്ങിയത് യാത്രക്കാര്‍ക്ക് കാര്യമായ പരുക്കുണ്ടാകുന്നതും ഒഴിവാക്കി. ഏഴു പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററാണ് ഇത്.
അതേസയം, ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുന്നതിന്റെ ശബ്ദം കേട്ടാണ് സ്ഥലത്തെത്തിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. കോപ്റ്ററില്‍ നിന്ന് പുറത്തെത്തിച്ചപ്പോള്‍ ചെറുതായി നടുവേദന അനുഭവപ്പെടുന്നതായി എം.എ. യൂസഫലി പറഞ്ഞിരുന്നു.