വ്യാജരേഖാ കേസില്‍ കെ. വിദ്യക്ക് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് കോടതി..! 30 ന് ഹാജരാകണം
സ്വന്തം ലേഖകൻ
കാസര്‍ഗോഡ് : നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജരേഖാ കേസില്‍ കെ. വിദ്യക്ക് ഇടക്കാല ജാമ്യം. കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലാണ് ഇടക്കാല ജാമ്യം ലഭിച്ചത്.
ഈ മാസം 30ന് വിദ്യ വീണ്ടും കോടതിയില്‍ ഹാജരാകണം.അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്.വിദ്യയെ കസ്റ്റഡിയിൽ വേണമെന്ന് നീലേശ്വരം പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റായിരുന്നു വിദ്യ കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ ഹാജരാക്കിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വിദ്യക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ഹാജരായിരുന്നില്ല. ഇമെയില്‍ വഴി വിദ്യ ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
വ്യാജരേഖാ കേസിൽ വിദ്യക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 201ാം വകുപ്പ് (തെളിവ് നശിപ്പിക്കൽ) കൂടി നീലേശ്വരം പൊലീസ് ചുമത്തിയിരുന്നു. വ്യാജരേഖാ കേസിൽ വിദ്യ തെളിവ് നശിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് വിദ്യയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. ഇന്ന് രാവിലെയാണ് വിദ്യ ചോദ്യം ചെയ്യലിനായി നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായത്. നാളെയും മറ്റന്നാളും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വിദ്യ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.