വ്യാജകേസുകൾ ചുമത്തിയവർക്കെതിരെ ഹൈക്കോടതിയെ സമീപിക്കും; കെ.സുരേന്ദ്രൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വ്യാജകേസുകൾ ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയ പൊലീസുദ്യോഗസ്ഥർക്കെതിരേ ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിക്കും. മുതിർന്ന അഭിഭാഷകരുമായി ഇതേക്കുറിച്ച് ചർച്ച നടത്തി. സുരേന്ദ്രന് ബന്ധമില്ലാത്ത 5 കേസുകളിൽ അദ്ദേഹം പ്രതിയാണെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ട് പൊലീസ് പിന്നീട് തിരുത്തിയിരുന്നു. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിർക്കാനായിരുന്നു അസ്വാഭാവിക മരണം അടക്കമുള്ള 9 കേസുകളിൽ പ്രതിയാണെന്ന റിപ്പോർട്ട് പത്തനംതിട്ട കോടതിയിൽ നൽകിയത്. കള്ളക്കേസെടുക്കുന്നത് മൂന്ന് വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണെന്നാണ് നിയമോപദേശം.
ഫേസ്ബുക്കിലൂടെ ഡിവൈ.എസ്.പിയെ ഭീഷണിപ്പെടുത്തിയെന്ന് കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ സുരേന്ദ്രന് കോടതിയുടെ സമൻസ് ലഭിച്ചിരുന്നില്ല. സമൻസ് ലഭിച്ചിട്ടും ഹാജരായില്ലെന്ന് വരുത്തിതീർക്കാൻ പൊലീസ് തന്റെ വ്യാജ ഒപ്പിട്ടെന്ന് സുരേന്ദ്രൻ കോടതിയെ അറിയിച്ചിരുന്നു. 2016ൽ കോഴിക്കോട് നഗരത്തിൽ പ്രകടനം നടത്തിയതിനെടുത്ത കേസും ഇക്കൂട്ടത്തിലുണ്ട്. ഇതിൽ സുരേന്ദ്രൻ പങ്കെടുത്തിട്ടില്ലെന്നാണ് അഭിഭാഷകൻ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരേന്ദ്രനെതിരെ കന്റോൺമെന്റ് പൊലീസ് സ്‌റ്റേഷനിൽ അഞ്ചു കേസുണ്ടെന്നും നെടുമ്പാശേരിയിലും കണ്ണൂരുമായി രണ്ട് വീതം കേസുകളുണ്ടെന്നുമാണ് കോടതിയെ പമ്പ പൊലീസ് അറിയിച്ചത്. കന്റോൺമെന്റ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ശശി എന്നയാളിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസും ശോഭാ സുരേന്ദ്രൻ പ്രതിയായ ഒരു കേസും മാർഗ തടസമുണ്ടാക്കിയതിന് ആട്ടോ ഡ്രൈവർക്കെതിരെയെടുത്ത കേസും കെ. സുരേന്ദ്രന്റെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നു. കേസ് നമ്പരും വർഷവും ഫോണിലൂടെ കേട്ടെഴുതിയതിലെ പിഴവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.