ജി സുധാകരൻ അഴിമതി നടത്താത്ത മന്ത്രിയായിരുന്നു, മാതൃകയായ പൊതുമരാമത്ത് മന്ത്രിയായിരുന്നു, ഇന്ന് സിപിഎമ്മിൽ കറിവേപ്പിലയുടെ വില പോലും ഇല്ല, പിണറായി വിജയൻ്റെ കാലത്ത് തന്നെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ കുഴിച്ചു മൂടും; ജി സുധാകരനെ പുകഴ്ത്തി കെ സുരേന്ദ്രൻ
കായംകുളം: ജി സുധാകരൻ അഴിമതി നടത്താത്ത മന്ത്രിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ഇന്ന് ജി സുധാകരന് സിപിഎമ്മിൽ കറിവേപ്പിലയുടെ വില പോലും ഇല്ല. പിണറായി വിജയൻ്റെ കാലത്ത് തന്നെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ കുഴിച്ചു മൂടും. ജി സുധാകരൻ മാതൃകയായ പൊതുമരാമത്ത് മന്ത്രിയായിരുന്നുവെന്നും കെ സുരേന്ദ്രൻ കായംകുളത്ത് പറഞ്ഞു.
ജി സുധാകരൻ അഴിമതിക്കാരെ നേരിട്ടു. ദേവസ്വം മന്ത്രിയായിരുന്നപ്പോൾ വേണ്ടാതീനം കാട്ടി. എന്നാലും അഴിമതി കാട്ടാത്ത മന്ത്രിയായിരുന്നു ജി സുധാകരൻ. അഴിമതിക്കെതിരെ സംസാരിക്കുന്നവരെ സിപിഎം ബ്രാഞ്ച് മുതൽ പുറത്താക്കും. കോട്ടയത്ത് സുരേഷ് കുറുപ്പിനെ ഒഴിവാക്കി. കൊലപാതകം നടത്തുന്നവരെ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെയാണ് സിപിഎം കൊണ്ട് നടക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി വർഗീയ പാർട്ടിയാണെന്നുള്ള പ്രചാരണം നടത്തി സിപിഎം ന്യൂനപക്ഷങ്ങളെ ഭയാശങ്കയിൽ ആക്കുകയാണ്. കൊലയാളി സംഘങ്ങളെ മഹത്വവൽക്കരിക്കുന്ന പാർട്ടിയായി സിപിഎം മാറി. പിണറായി ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലർ ഫ്രണ്ടിനെയും ഇപ്പോൾ തള്ളിപ്പറയുന്നത് പോയ വോട്ട് തിരികെ പിടിക്കാനാണ്. പോപ്പുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കി. ഓരോ തെരഞ്ഞെടുപ്പിലും വർഗീയത പറഞ്ഞ് സിപിഎം വോട്ടുപിടിക്കുകയാണ്. കോൺഗ്രസിൽ 6 സ്വയം പ്രഖ്യാപിത മുഖ്യമന്ത്രിമാരുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
ശ്രീനാരായണ ഗുരു വെറുമൊരു സാമൂഹ്യ പരിഷ്കർത്താവ് മാത്രമല്ല. കോടിക്കണക്കിന് ജനങ്ങൾ അദ്ദേഹത്തെ ദൈവമായി കാണുന്നു. ലോകം മുഴുവൻ സനാതന ധർമ്മത്തിന്റെ സന്ദേശം എത്തിച്ച ആളാണ് ഗുരുദേവൻ. ഇഎംഎസ് ഗുരുദേവനെ അപമാനിച്ച പോലെ പിണറായിയും അപമാനിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.