
തിരുവനന്തപുരം: കോഴിക്കോട് നഗരത്തിൽ ബിജെപിക്കെതിരെ പ്രത്യക്ഷപ്പെട്ട ‘സേവ് ബിജെപി’ പോസ്റ്ററിന് പിന്നിൽ മാധ്യമ പ്രവർത്തകർക്കടക്കം പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മാധ്യമപ്രവർത്തനം എങ്ങനെയാവരുത് എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് പ്രമുഖചാനലുകളുടെ ചില ബ്രേക്കിംഗ് ന്യൂസുകളും എട്ടുമണിച്ചർച്ചയും രാത്രിയിലുള്ള മീറ്റ് ദി എഡിറ്റേഴ്സും.
സ്വന്തം ചാനലിലെ മാധ്യമപ്രവർത്തകനും രണ്ട് സാമൂഹ്യവിരുദ്ധരും ഗൂഢാലോചന നടത്തി പാർട്ടി ഓഫീസിനുമുന്നിലെ നെയിം ബോർഡിലും പാരമ്പര്യമവകാശപ്പെടുന്ന കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിനുമുന്നിലും രണ്ട് പോസ്റ്ററുകൾ ഒട്ടിക്കുന്നു. അത് ബ്രേക്കിംഗ് ന്യൂസ് ആവുന്നു.
മറ്റുള്ള ചാനലുകാർ അതേറ്റുപിടിക്കുന്നു. ആരാണ് ഈ പോസ്റ്റർ ഒട്ടിച്ചതെന്നും അതിന്റെ പിന്നിലുള്ള ഗൂഡാലോചനയും വൈകാതെ തിരിച്ചറിയാൻ കഴിഞ്ഞു. കേരളത്തിൽ എവിടെ വേണമെങ്കിലും ആർക്കും ചെയ്യാൻ സാധിക്കുന്ന ഒരു തരംതാണ പണി മീറ്റ് ദി എഡിറ്റേഴ്സ് ചർച്ചയ്ക്കുമാത്രമുള്ള പ്രധാന സംഭവമായി ചർച്ച ചെയ്യുന്നിടത്താണ് കേരളത്തിലെ മാധ്യമങ്ങളുടെ നിലവാരം പൊതുസമൂഹത്തിന് കൂടുതൽ ബോധ്യപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിതൃശൂന്യമായ മാധ്യമപ്രവർത്തനമെന്ന് പറഞ്ഞതിന്റെ അർത്ഥം ബിജെപിയെ എതിർക്കുന്നവർക്കുപോലും മനസ്സിലായിരിക്കുന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
വി. മുരളീധരൻ, കെ. സുരേന്ദ്രൻ, പി. രഘുനാഥ് എന്നിവർ ബിജെപിയിലെ കുറുവാസംഘമാണെന്നും ഇവരെ പുറത്താക്കണമെന്നുമാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. ബിജെപി കേരളഘടകത്തിൽ പൊട്ടിത്തെറിയും അടിമുടി കലഹവുമാണെന്ന് വരുത്തിതീർക്കാൻ കഴിഞ്ഞ മൂന്ന് ദിവസമായി ചില മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണവേലകൾക്കെതിരെ കെ. സുരേന്ദ്രൻ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സേവ് ബിജെപി പോസ്റ്ററുകൾക്ക് പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ച് നേതൃത്വം പ്രതികരിച്ചത്.