കോട്ടയത്തിനു സ്വീകാര്യനായ വിജയ സാധ്യത നൂറ് ശതമാനമുള്ള സ്ഥാനാർഥി കോൺഗ്രസിനുണ്ട് ; കേരള കോൺഗ്രസിനു കോട്ടയം മണ്ഡലം കിട്ടില്ല – കെ സുധാകരൻ
കോട്ടയം : കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ജോസഫില്‍ സജീവ ചർച്ചകള്‍ നടക്കവെ ഇക്കുറി ജോസഫ് ഗ്രൂപ്പിന് സീറ്റ് ലഭിച്ചേക്കില്ലെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
കോട്ടയം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള പാർട്ടിയുടെ താത്പര്യം കേരള കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്ന് കെ സുധാകരൻ വ്യക്തമാക്കി. ജയസാധ്യത കണക്കിലെടുത്താണ് കോട്ടയം സീറ്റ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവർക്കും സ്വീകാര്യനായ നൂറു ശതമാനം ജയസാധ്യതയുള്ള സ്ഥാനാർഥി കോണ്‍ഗ്രസിനുണ്ട്. അക്കാര്യം കേരള കോണ്‍ഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിട്ടുനല്‍കിയാല്‍ കേരള കോണ്‍ഗ്രസിനു നിയമസഭയില്‍ കൂടുതല്‍ സീറ്റ് നല്‍കുമെന്നും സുധാകരൻ പറഞ്ഞു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സന്നദ്ധനാണെന്നും കെ സുധാകരൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
”ഹൈക്കമാൻഡ് ആവശ്യപ്പെട്ടാല്‍ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. രണ്ടു പദവിയും ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് മല്‍സരിക്കുന്നില്ലെന്നു നേരത്തെ പറഞ്ഞത്. 20 സീറ്റ് നേടാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണ്. കണ്ണൂരില്‍ കെ.കെ.ശൈലജ ശക്തയായ എതിരാളിയല്ല. ശൈലജ പ്രഗത്ഭയായ സ്ഥാനാർഥിയാണെന്ന് തോന്നുന്നില്ല. കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണ്. തൃശൂരില്‍ സുരേഷ്ഗോപിക്ക് ഒന്നും ചെയ്യാനാകില്ല. ആലപ്പുഴയില്‍ മല്‍സരിക്കണമെന്ന് കെ.സി.വേണുഗോപാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം മനസു തുറന്നിട്ടില്ല” – സുധാകരൻ കൂട്ടിച്ചേർത്തു.