
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വേണ്ടി ആര് എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ ഡി ജി പിക്കെതിരായ അന്വേഷണം ആരെ ബോധിപ്പിക്കാനാണെന്ന ചോദ്യവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി രംഗത്ത്.
എ ഡി ജി പി എം.ആര് അജിത് കുമാര്‍ ആര് എസ് എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നതില്‍ സംശയമില്ല. എ ഡി ജി പിക്കെതിരെ ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം പോലും ജനങ്ങളുടെയും എല്‍ ഡി എഫിലെ ഘടകകക്ഷികളുടെയും കണ്ണില്‍പ്പൊടിയിടാനാണ്.
പേരിന് ഡി ജി പിയെ കൊണ്ട് ഒരന്വേഷണം നടത്തി എ ഡി ജി പിയെ വെളളപൂശാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണോ ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണമെന്ന് സംശയമുണ്ടെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സി പി എം പ്രസ്ഥാനം ആര് എസ് എസിന് സറണ്ടറായി. നേതാക്കളും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് വേണ്ടി ആര് എസ് എസ് നേതാക്കളെ കാണുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1970 കാലഘട്ടം മുതല്‍ സി പി എമ്മും സംഘപരിവാറും തിരഞ്ഞെടുപ്പില്‍ പരസ്പരം സഹായിക്കുന്നു. കണ്ണൂരില്‍ ആര് എസ് എസ് വോട്ട് വാങ്ങിയല്ലെ പിണറായി അക്കാലത്ത് വിജയിച്ച് എം എല്‍ എയായത്. ഇപ്പോഴും ആ ബന്ധം തുടരുന്നു. അതിന്റെ ബലത്തിലാണ് ഇത്രയേറെ കേസുകളുണ്ടായിട്ടും മുഖ്യമന്ത്രി പുറത്ത് ഇറങ്ങി നടക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഏതെങ്കിലും ഒരു കേസില്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായോ? എസ്എന്‍സി ലാവ്ലിന് കേസ് എത്രതവണയാണ് മാറ്റിവെച്ചത്? മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത്, മാസപ്പടി, ലൈഫ് പദ്ധതിയിലെ അഴിമതി തുടങ്ങിയ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എവിടെയായി? ഇതെല്ലാം മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും സുധാകരൻ പറഞ്ഞു.
സി പി എമ്മും ബി ജെ പിയും തമ്മില്‍ അവിഹിത ബന്ധം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആര് എസ് എസ് കൂടിക്കാഴ്ചയുടെ വസ്തുതകള്‍ മറച്ചുപിടിക്കാനും മുഖം രക്ഷിക്കാനുമാണ് എ ഡി ജി പിക്കെതിരായി പ്രഖ്യാപിച്ച അന്വേഷണം. ഇത് പ്രഹസനമാണ്. എ ഡി ജി പിയെ പദവികളില്‍ നിന്ന് മാറ്റിനിര്‍ത്താതെയുള്ള ഈ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. ആത്മര്‍ത്ഥയില്ലാത്ത അന്വേഷണമാണിത്.
എ ഡി ജി പി – ആര് എസ് എസ് കൂടിക്കാഴ്ചയുടെ സത്യാവസ്ഥ ഈ അന്വേഷണത്തിലൂടെ പുറത്തുവരില്ല. പിണറായി വിജയന്റെയും മക്കളുടെയും എല്ലാ കേസുകളും ബി ജെ പിയും അവരുടെ ഉദ്യോഗസ്ഥരും എഴുതി തള്ളി. സുരേഷ് ഗോപി തൃശൂര്‍ എടുക്കും എന്ന് പറഞ്ഞു, എന്നാല്‍ എടുത്തില്ല പകരം അവര്‍ക്ക് സി പി എം കൊടുത്തുവെന്നും കെ സുധാകരന് പരിഹസിച്ചു.