
‘സുധാകരന് തട്ടിപ്പില്‍ പങ്കുണ്ടെന്ന് പറയാന്‍ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി’; പേര് പറഞ്ഞാല്‍ പോക്സോ, ചീറ്റിങ്ങ് കേസുകളില്‍ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം; പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിക്ക് മോന്‍സന്റെ പരാതി
സ്വന്തം ലേഖിക
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതി മോൻസൻ മാവുങ്കല്‍ പരാതി നല്‍കി.
ജയില്‍ സുപ്രണ്ട് വഴിയാണ് കോടതിയ്ക്ക് മോൻസൻ പരാതി നല്‍കിയത്. കെ.സുധാകരന് തട്ടിപ്പില്‍ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ്പി റസ്‌റ്റം ഭീഷണിപ്പെടുത്തിയെന്നും പേര് പറഞ്ഞാല്‍ പോക്സോ, ചീറ്റിങ്ങ് കേസുകളില്‍ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് കോടതിക്ക് നല്‍കിയ പരാതിയിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെയും സുധാകരനെ സംരക്ഷിക്കുന്ന രീതിയിലുള്ള പ്രതികരണമായിരുന്നു മോൻസൻ മാവുങ്കല്‍ നടത്തിയിട്ടുള്ളത്. സുധാകരനെ കുടുക്കാൻ നീക്കം നടക്കുന്നുവെന്നായിരുന്നു മോൻസന്റെ ആരോപണം.
തന്‍റെ പുരാവസ്തു ശേഖരത്തിന്‍റെ മറവിലാണ് മോൻസൻ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതും വിഐപി സുഹൃദ് വലയം ഉണ്ടാക്കുന്നതും. ഇതുപയോഗിച്ചാണ് ബിസിനസുകാരായ അനൂപ് അഹമ്മദ്, ഷമീര്‍, യാക്കൂബ്, സലീം, സിദ്ദിക്ക് എന്നിവരില്‍ നിന്നും പത്ത് കോടി രൂപ മോൻസൻ തട്ടിച്ചത്. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാൻ ഡൽഹിയില്‍ പണം ചെലവഴിക്കണമെന്നും ഇതിനായി കെ സുധാകരൻ ഇടപെടുമെന്നും മോൻസൻ മാവുങ്കല്‍ പറഞ്ഞത് പ്രകാരം 25 ലക്ഷം സുധാകരന് നല്‍കിയെന്നാണ് കേസ്.
മൊഴികളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് കെ സുധാകരനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നാണ് അനുയായികളുടെ വാദം.