
കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകള്‍ക്കായി ദില്ലിയിലെത്തിയ കെ സുധാകരൻ കടുത്ത അതൃപ്തിയില്‍ നാട്ടിലേക്ക് മടങ്ങി. പാർലമെൻ്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെയാണ് സുധാകരൻ നാട്ടിലേക്ക് മടങ്ങിയത്. സ്ഥാനാർത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സുധാകരൻ്റെ പ്രതിഷേധം. എംപിമാർ മത്സരിക്കണോ വേണ്ടയോ എന്നതുള്‍പ്പെടെ വിവിധ കാര്യങ്ങളില്‍ കോണ്‍ഗ്രസില്‍ തർക്കം തുടരുകയാണ്.
കെ സുധാകരന് പ്രതിഷേധം ഒന്നുമില്ലെന്നും സുധാകരൻ മടങ്ങിയത് നാട്ടില്‍ പരിപാടി ഉള്ളതുകൊണ്ടാണെന്നും കെപിസിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. സുധാകരനുമായി ഇന്നലെ കൂടികാഴ്ച്ച നടത്തിയിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ദില്ലിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ട്. പത്തനംതിട്ട ജില്ലയില്‍ ആറന്മുള, കോന്നി, അടൂർ അടക്കമുളള മണ്ഡലങ്ങളില്‍ ചർച്ചകള്‍ തുടരുകയാണ്. തൃശൂർ ജില്ലയില്‍ വലിയ പ്രതിസന്ധി നിലനില്ക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
എറണാകുളത്തും മലബാറിലെ മണ്ഡലങ്ങളിലും തർക്കമുണ്ട്. തിങ്കളാഴ്ചയാകും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുക. 70 ശതമാനം മണ്ഡലങ്ങളിലും തിങ്കളാഴ്ച സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് നീക്കം. സിപിഐ വിട്ട് ഒറ്റയ്ക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ച നാട്ടിക എംഎല്‍എ സിസി മുകുന്ദൻ ദില്ലിയില്‍ എത്തി. കെ സി വേണുഗോപാലുമായി മുകുന്ദൻ കൂടിക്കാഴ്ച നടത്തിയേക്കും. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്ഥിരമായി തോല്‍ക്കുന്നവരെ ഒഴിവാക്കാനാണ് തീരുമാനം. സ്ക്രീനിംഗ് കമ്മിറ്റി ഈ ഘട്ടത്തില്‍ മാനദണ്ഡം കർശനമാക്കും. തിരുവനന്തപുരത്തേതടക്കം മണ്ഡലങ്ങളിലെ ചില നേതാക്കള്‍ ഒഴിവായേക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സിസി മുകുന്ദനുമായി സഹകരിക്കുന്നതില്‍ എതിര്‍പ്പ് ശക്തമാണ്. മുകുന്ദനുമായി സഹകരിക്കുന്നതില്‍ പ്രാദേശിക നേതൃത്വത്തിനാണ് എതിർപ്പ്. അതിനാല്‍ തന്നെ സിസി മുകുന്ദന് ‘കൈ’ കൊടുത്തേക്കില്ലെന്നാണ് വിവരം. അതേസമയം, കോണ്‍ഗ്രസിനോട് സഹകരിക്കാൻ മുകുന്ദൻ താല്പര്യം അറിയിച്ചിട്ടുണ്ട്.



