
സ്വന്തം ലേഖകൻ
തൃശൂര്‍: പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പേര് പറയാന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡിവൈഎസ്പി വൈ ആര്‍ റുസ്തം. സുധാകരന് പങ്കില്ലെന്ന് മോന്‍സന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിന് മോന്‍സനെ അതിന് ഭീഷണിപ്പെടുത്തണമെന്ന് ഡിവൈഎസ്പി ചോദിച്ചു.
പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്. പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത് ശരിയായില്ലെന്നും ജയിലില്‍ നിന്ന് സുധാകരനെ മോന്‍സന്‍ വിളിച്ചിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. മകനെയും അഭിഭാഷകനെയും മാത്രമാണ് മോന്‍സന്‍ വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോന്‍സന്‍ പ്രതിയായ വഞ്ചനാക്കേസില്‍ സുധാകരനെതിരെ തെളിവുകള്‍ ശേഖരിച്ചതായും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തെളിവ് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന്റെ പേര് പറയാന്‍ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍ ആരോപിച്ചിരുന്നു.
കേസിൽ മോൻസന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. വിയ്യൂർ അതിസുരക്ഷാ ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റുസ്റ്റത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മോൻസനെ ചോദ്യം ചെയ്തത്. കേസിൽ കെ സുധാകരനെയും ഐജി ജി. ലക്ഷ്മണയെയും മുൻ ഐജി എസ് സുരേന്ദ്രനെയും പ്രതി ചേർത്ത സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യൽ.