
തിരുവനന്തപുരം: ശബരിമലയിലേക്ക് എ ഡി ജി പി എം ആര്‍ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്രയെ രൂക്ഷമായി വിമർശിച്ച് റവന്യു മന്ത്രി കെ രാജൻ. വകതിരിവ് എന്നൊരു വാക്കുണ്ടെന്നാണ് എ ഡി ജി പിയുടെ ശബരിമല ട്രാക്ടർ യാത്രയെക്കുറിച്ച് മന്ത്രി വിമർശിച്ചത്. ട്യൂഷൻ ക്‌ളാസിൽ പോയാൽ വകതിരിവ് പഠിക്കാൻ ആകില്ലെന്നും രാജൻ കൂട്ടിച്ചേർത്തു.
നേരത്തെ എ ഡി ജി പിയുടെ ശബരിമലയിലെ ട്രാക്ടർ യാത്രയെ ഹൈക്കോടതിയും വിമർശിച്ചിരുന്നു. സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിൽ നിന്നും അജിത് കുമാറിന്റെ പ്രവർത്തി മനപ്പൂർവ്വമാണെന്ന് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അജിത് കുമാറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോയെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു. ശബരിമലയിലേക്ക് എം ആർ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര ചട്ടവിരുദ്ധമെന്നാണ് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂവെന്ന കോടതിയുടെ കർശന നിർദ്ദേശം മറികടന്നായിരുന്നു എ ഡി ജി പിയുടെ നടപടി. പൊലീസിന്‍റെ ട്രാക്ടറിലാണ് അജിത് കുമാർ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കഴിഞ്ഞ ദിവസം ദർശനത്തിനായി പോയത്.
ഏറെക്കാലം ശബരിമലയുടെ ചുമതല വഹിച്ചിരുന്ന പൊലീസ് ഉന്നതൻ തന്നെ നിയമം ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. ദർശനത്തിനായി എം ആർ അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തത് ചട്ടലംഘനമെന്നായിരുന്നു സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് എം ആർ അജികുമാർ പമ്പയിൽ എത്തിയത്. തുടർന്ന് പൊലീസിന്റെ ട്രാക്ടറിൽ സന്നിധാനത്തേക്ക് പോയി. ദർശനം നടത്തി അടുത്ത ദിവസം വീണ്ടും ട്രാക്ടറിൽ മലയിറങ്ങി. അപകടസാധ്യത മുൻനിർത്തി ട്രാക്ടറിൽ ആളെ കയറ്റുന്നത് ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ. തീർത്ഥാടനത്തിനായി നട തുറന്നിരിക്കുമ്പോൾ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി ആവർത്തിച്ച് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group