
മാടപ്പള്ളി:റെയില്‍ സിൽവർ ലൈൻ സമരത്തില്‍ ശ്രദ്ധാകേന്ദ്രമായ മാടപ്പള്ളി ചെറുത്തുനില്പ് സമരത്തിന്റെ നാലാം വാര്‍ഷികം സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ 10ന് മാടപ്പള്ളി റീത്തുപള്ളിക്കലുള്ള സമരപ്പന്തലില്‍ നടത്തും.
സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് സംഗമം ഉദ്ഘാടനം ചെയ്യും.
2022 മാര്‍ച്ച് 17നാണ് മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ സിൽവർ ലൈൻ പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി മര്‍ദിക്കുകയും സ്ത്രീകളെയടക്കം റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് 2022 ഏപ്രില്‍ 20നാണ് മാടപ്പള്ളിയില്‍ സ്ഥിരം പന്തലില്‍ സമരമാരംഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സില്‍വര്‍ലൈന്‍ പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ തത്വത്തില്‍ പിന്‍വാങ്ങിയെങ്കിലും പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനുവേണ്ടി 2021 ഓഗസ്റ്റ് 18നും ഒക്ടോബര്‍ 30നും സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം എന്തുകൊണ്ട് പിന്വലിക്കുന്നില്ലെന്ന ചോദ്യമാണ് നിര്‍ദിഷ്ട പദ്ധതിപ്രകാരം മനോവിഷമത്തിലായവരുടെ ചോദ്യം.
1426-ാം ദിവസവും എ.ടി. വര്‍ഗീസ് സമരത്തിന്
2022 ഏപ്രില്‍ 20നാണ് മാടപ്പള്ളിയില്‍ സ്ഥിരം പന്തലില്‍ സമരം ആരംഭിച്ചത്. അന്നു മുതല്‍ ഇന്നുവരെ ആനപ്പാറയ്ക്കല് എ.ടി. വര്‍ഗീസ് ഒരു ദിവസംപോലും മുടങ്ങാതെ സമരപ്പന്തലില്‍ സമരത്തിനെത്തുന്നു. ഇന്നു സമരം 1426-ാം ദിനമാണ്. ഇദ്ദേഹത്തിന്റെ മാടപ്പള്ളി പഞ്ചായത്ത് അതിര്‍ത്തിയിലുള്ള ഭൂമി പദ്ധതിയുടെ സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സില്‍വർലൈന്‍ പദ്ധതിക്കായി മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കാനെത്തിയ കെ-റെയില്‍ ഉദ്യോഗസ്ഥര്‍ക്കും പോലീസിനുമെതിരേ പ്രതിഷേധിച്ച ഈയ്യാലില് തെക്കേതില്‍ റോസിലിന് ഫിലിപ്പിന് നല്ലനടപ്പ് ശിക്ഷ. പ്രതിഷേധസമയത്ത് മകള്‍ സോമിയ മെറിന് ഫിലിപ്പ് റോസിലിനൊപ്പം ഉണ്ടായിരുന്നുവെന്നതാണ് കുറ്റം. പ്രതിഷേധം സംഘര്ഷത്തിലെത്തിയപ്പോള് മകള്‍ സോമിയ അമ്മ റോസിലിന്റെ അടുത്തേക്ക് ഓടിവരികയായിരുന്നു. പിഞ്ചുകുട്ടിയെ പ്രതിഷേധത്തിനിറക്കിയെന്നാരോപിച്ച് ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം പോലീസെടുത്ത കേസിലാണ് ജുവനൈല്‍ കോടതി റോസിലിനെ നല്ലനടപ്പിനു ശിക്ഷിച്ചത്.
എല്ലാ മാസവും റോസിലിന് കോട്ടയത്തെ സാമൂഹ്യനീതി വകുപ്പ് ഓഫീസിലെത്തി ഒപ്പിടണം. അതേ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഓരോ മാസവും റോസിലിന്റെ നാട്ടിലെത്തി അന്വേഷണം നടത്തും. ഇങ്ങനെയാണ് കേസിന്റെ പോക്ക്. വെങ്കോട്ട റീത്തുപള്ളിക്കലുള്ള റോസിലിന്റെ പുരയിടത്തിലൂടെയാണ് നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. 2022 മാര്‍ച്ച് 17ന് മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ നടന്ന സില്‍വര്‍ലൈന്‍ പ്രതിഷേധത്തിനിടെ റോസിലിന് ഫിലിപ്പ് പോലീസിന്റെ അതിക്രൂര മര്‍ദനത്തിനിരയായിരുന്നു.
സമരത്തിനു നേതൃത്വം നല്കിയ ജോസഫ് എം. പുതുശേരി, ബാബു കുട്ടന്‍ചിറ, വി.ജെ. ലാലി, മാത്തുക്കുട്ടി പ്ലാത്താനം, വി.വി. വിനയകുമാര്‍, ടോണി കുട്ടംപേരൂര്‍, സോബിച്ചന് കണ്ണംപള്ളി, സെലിന് ബാബു, ജിന്സണ് മാത്യു, മിനി കെ. ഫിലിപ്പ്, രതീഷ് രാജന് തുടങ്ങിയവര്‍ക്കും പോലീസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. റോസിലിന്റെ പുരയിടത്തിലാണ് നാലു വര്‍ഷമായി സമരപ്പന്തല്‍ പ്രവര്‍ത്തിക്കുന്നത്.



