
കൊച്ചി: കെ മുരളീധരൻ്റെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ കൗതുകകരവും അപ്രതീക്ഷിതവുമായ ട്വിസ്റ്റുകളുടെ നിരവധി ഏടുകളുണ്ട്.
കെ മുരളീധരൻ എന്ന നേതാവിൻ്റെ പരിണാമങ്ങളുടെ രാഷ്ട്രീയ ചിത്രം കൂടി ഇതില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധിയായിരിക്കെ മത്സരരംഗത്ത് ഇല്ലാതിരുന്നത് ഒഴിച്ച് നിർത്തിയാല്‍ 1989ല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന് ശേഷം ഇതുവരെ കെ മുരളീധരൻ മത്സരരംഗത്തില്ലാതെ കടന്ന് പോയ തിരഞ്ഞെടുപ്പുകള്‍ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. അപ്പോഴും വട്ടിയൂർക്കാവ് എംഎല്‍എ ആയിരിക്കെ വടകരയില്‍ നിന്ന് പാർലമെൻ്റിലേയ്ക്കും വടകരയില്‍ എംപി ആയിരിക്കെ നേമത്ത് നിന്നും നിയമസഭയിലേയ്ക്കും മുരളീധരൻ മത്സരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതിൻ്റെ 35-ാം വർഷത്തില്‍ 13-ാമത്തെ പോരാട്ടത്തിനാണ് മുരളീധരൻ തൃശ്ശൂരില്‍ ഇറങ്ങുന്നത്. മത്സരിച്ച 12 തിരഞ്ഞെടുപ്പുകളില്‍ ആറെണ്ണത്തില്‍ വിജയിക്കുകയും ആറെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തതാണ് കെ മുരളീധരൻ്റെ ട്രാക്ക് റിക്കോർഡ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിതാവ് കെ കരുണാകരൻ്റെ പ്രതാപകാലത്താണ് കെ മുരളീധരൻ്റെ രാഷ്ട്രീയ പ്രവേശനം. സേവാദളിലൂടെ കടന്ന് വന്ന കെ മുരളീധരൻ സേവാദള്‍ സംസ്ഥാന ചെയർമാൻ ആയിരിക്കെയാണ് 1989ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി നിർദ്ദേശിക്കപ്പെടുന്നത്. അന്ന് മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റവും ശക്തനായ നേതാവുമായിരുന്നു കെ കരുണാകരൻ. കോണ്‍ഗ്രസില്‍ വലിയ പ്രവർത്തന പാരമ്ബര്യമൊന്നുമില്ലാതിരുന്ന മുരളീധരൻ്റെ സ്ഥാനാർത്ഥിത്വം ഗ്രൂപ്പ് പോരിനാല്‍ കലുഷിതമായി നിന്നിരുന്ന കോണ്‍ഗ്രസില്‍ അനുരണനങ്ങളുണ്ടാക്കി.
സ്ഥാനാർത്ഥി നിർണ്ണയ യോഗത്തിനിടയില്‍ കെ കരുണാകരൻ മൂത്രമൊഴിക്കാൻ പോയപ്പോള്‍ എ കെ ആൻ്റണിയാണ് കെ മുരളീധരൻ്റെ പേര് നിർദ്ദേശിച്ചതെന്ന വിവരണം അക്കാലത്ത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമായ ചർച്ചാവിഷയമായിരുന്നു. 1989ല്‍ കോഴിക്കോട് സിപിഐഎമ്മിൻ്റെ ശക്തനായ തൊഴിലാളി നേതാവ് ഇ കെ ഇമ്ബച്ചിബാവയ്ക്കെതിരെയായിരുന്നു കെ മുരളീധരൻ്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം. സ്ഥാനാർത്ഥിത്വത്തില്‍ നിരവധി വിവാദങ്ങള്‍ ഉയർന്ന് വന്നെങ്കിലും 28,957 വോട്ടിന് ഇമ്പച്ചി ബാവയെ തോല്‍പ്പിച്ച് കന്നിയങ്കത്തില്‍ തന്നെ കെ മുരളീധരൻ പാർലമെൻ്റില്‍ എത്തി. 1991ലെ പൊതുതിരഞ്ഞെടുപ്പിലും മുരളീധരൻ കോഴിക്കോട് വിജയം ആവർത്തിച്ചു. എന്നാല്‍ മൂന്നാം അങ്കത്തില്‍ 1996ല്‍ കോഴിക്കോട് മുരളീധരന് അടിതെറ്റി. ജനതാദള്‍ നേതാവ് എം പി വീരേന്ദ്ര കുമാറിനോടായിരുന്നു മുരളീധരൻ അടിയറവ് പറഞ്ഞത്.
1989ല്‍ മുരളീധരന് കോഴിക്കോട് സ്ഥാനാർത്ഥിത്വം നല്‍കി നേതൃനിരയിലേയ്ക്ക് കൊണ്ടുവരാനുള്ള കരുണാകരൻ്റെ നീക്കം ഐ ഗ്രൂപ്പിനുള്ള കലാപത്തിന് തുടക്കമായി. 1992ല്‍ പള്ളിപ്പുറത്ത് വച്ച് കാറപകടത്തില്‍ പരിക്കേറ്റ കരുണാകരൻ പിന്നീട് ആരോഗ്യത്തോടെ തിരികെ വരുമോയെന്ന് ശങ്കയുണ്ടായി. ഇതോടെ പാർട്ടിയില്‍ അനന്തരാവകാശ തർക്കങ്ങള്‍ രൂക്ഷമായി. പാർട്ടിക്ക് വേണ്ടി പണിയെടുത്തവർ അനന്തരാവകാശിക്ക് വേണ്ടി പിൻതള്ളപ്പെടുന്നുവെന്ന വിമർശനം മുരളിയെ ലക്ഷ്യമിട്ട് ഉടലെടുത്തു. തിരുത്തല്‍ വേണമെന്ന ആവശ്യവും ശക്തമായി. അപകടം തരണം ചെയ്തെത്തിയ കരുണാകരന് തിരുത്തല്‍വാദം ഉന്നയിച്ചവർ അനഭിമിതരായി. ഇതോടെ തിരുത്തല്‍വാദികള്‍ എന്ന മൂന്നാം ഗ്രൂപ്പ് കോണ്‍ഗ്രസില്‍ ഉദയം ചെയ്തു. രമേശ് ചെന്നിത്തലയും എം ഐ ഷാനവാസും ജി കാര്‍ത്തികേയനും ആയിരുന്നു ഈ നീക്കത്തിലെ പ്രധാനികള്‍. കെ സി വേണുഗോപാലും ഇവർക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുന്ന നീക്കങ്ങള്‍ക്ക് ചുക്കാൻ പിടിക്കാൻ ഉമ്മൻ ചാണ്ടിക്ക് കരുത്തായത് തിരുത്തല്‍വാദ നീക്കവുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പില്‍ ഉണ്ടായ അന്ത:ഛിദ്രമായിരുന്നു.
ഐ ഗ്രൂപ്പിലെ അന്ത:ഛിദ്രങ്ങളും കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കങ്ങളും നടക്കുന്ന കാലത്തും അധികാരകേന്ദ്രമെന്ന നിലയില്‍ കെ മുരളീധരൻ കരുണാകര വിരുദ്ധരുടെ കണ്ണിലെ കരടായിരുന്നു.
കോണ്‍ഗ്രസിലെ അധികാര തർക്കങ്ങളോട് സാമ്യമുള്ള ‘ശതാഭിഷേകം’ എന്ന ആകാശവാണി നാടകവും അതിലെ കഥാപാത്രങ്ങളായ കിട്ടുമ്മാനും കിങ്ങിണിക്കുട്ടനും അക്കാലത്ത് രാഷ്ട്രീയ വിവാദമായിരുന്നു. തറവാട്ടിലെ കാരണവരായ കിട്ടുമ്മാവന്‍ സ്വന്തം അധികാരം നിലനിര്‍ത്താനായി നടത്തുന്ന തന്ത്രങ്ങളെയും കുതന്ത്രങ്ങളെയുമായിരുന്നു ശതാഭിഷേകത്തിൻ്റെ കഥാതന്തു. കിട്ടുമ്മാവനെയും മന്ദബുദ്ധിയായ വളര്‍ത്തുമകന്‍ കിങ്ങിണിക്കുട്ടനെയും കരുണാകരൻ്റെ രാഷ്ട്രീയ എതിരാളികള്‍ കോണ്‍ഗ്രസിൻ്റെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെട്ട് പ്രചരിച്ചു. അതോടെ ആക്ഷേപഹാസ്യ നാടകത്തിലെ കിട്ടുമ്മാവനിലും കിങ്ങിണിക്കുട്ടനിലും കെ കരുണാകരൻ്റെയും കെ. മുരളീധരൻ്റെയും ഛായ ആരോപിക്കപ്പെട്ടു. ജന്മനാട്ടിലെ പരിചയമുള്ള ഒരു കുടംബത്തിലെ കാരണവരെ വരച്ചിടുകയാണ് നാടകത്തില്‍ ചെയ്തതെന്ന നാടകകൃത്ത് എസ് രമേശൻ നായരുടെ വാദം പക്ഷെ അംഗീകരിക്കപ്പെട്ടില്ല. ആകാശവാണി ജീവനക്കാരനായിരുന്ന അദ്ദേഹത്തെ ആന്തമാനിലേയ്ക്ക് സ്ഥലം മാറ്റി. പക്ഷെ അനാവശ്യ വിവാദത്തില്‍ മനംമടുത്ത രമേശൻ നായർ ജോലി രാജിവെച്ചതും ചരിത്രം.
എംഎല്‍എ ആയിരിക്കെയാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി മുരളീധരൻ വടകരയില്‍ മത്സരിക്കാനെത്തിയത്. പി ജയരാജനെ നേരിടാൻ വടകരയില്‍ ആരെയിറക്കും എന്ന ആശയക്കുഴപ്പം കോണ്‍ഗ്രസില്‍ ശക്തമായിരിക്കെയാണ് ജെയിൻ്റ് കില്ലറായി കെ മുരളീധരൻ വടകര ഇറങ്ങിയത്. 2014 മുല്ലപ്പള്ളി രാമചന്ദ്രൻ കഷ്ടിച്ച് ജയിച്ച വടകരയില്‍ 84,663 വോട്ടിനായിരുന്നു മുരളീധരൻ്റെ വിജയം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ്ങ് സീറ്റായിരുന്ന നേമം വലിയ ചർച്ചയായി ഉയർന്നുവന്നു. നേമത്ത് കുമ്മനം മത്സരത്തിനെത്തിയപ്പോള്‍ സിപിഐഎം ശിവൻകുട്ടിയെ തന്നെ രംഗത്തിറക്കി. കോണ്‍ഗ്രസിന് വേണ്ടി ഉമ്മൻ ചാണ്ടിയുടെ പേരുപോലും നേമത്ത് ഉയർന്നു കേട്ടു. ഒടുവില്‍ നറുക്കുവീണത് കെ മുരളീധരനായിരുന്നു. അന്നും കോണ്‍ഗ്രസിൻ്റെ രക്ഷകൻ എന്ന നിലയിലായിരുന്നു നേമത്ത് മുരളീധരൻ്റെ സ്ഥാനാർത്ഥിത്വം അവതരിപ്പിക്കപ്പെട്ടത്. ഒരുമടിയുമില്ലാതെ മുരളീധരൻ മത്സരരംഗത്തിറങ്ങി. ശിവൻകുട്ടി സിറ്റിങ്ങ് സീറ്റ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍ കെ മുരളീധരൻ മൂന്നാം സ്ഥാനത്തായിരുന്നു.
ഏറ്റവും ഒടുവില്‍ വടകരയിലെ സിറ്റിങ്ങ് സീറ്റില്‍ വീണ്ടും മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു കെ മുരളീധരൻ. കെ കെ ശൈലജയെ സിപിഐഎം വടകരയില്‍ നിശ്ചയിച്ചപ്പോള്‍ ശക്തമായ മത്സരചിത്രം വടകരയില്‍ രൂപപ്പെട്ടിരുന്നു. ശൈലജ ശക്തയായ എതിരാളിയെന്ന് മുരളീധരനും പ്രതികരിച്ചിരുന്നു. എന്നാല്‍ വടകരയില്‍ ശൈലജ അനായാസം വിജയിച്ച് കയറുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ട ഘട്ടത്തിലായിരുന്നു വടകരയിലെ മത്സരചിത്രത്തിന് അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. അതിന് വഴിതെളിച്ചത് ഒരു സുപ്രഭാതത്തില്‍ പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചതായിരുന്നു.
തൃശ്ശൂർ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന തർക്കങ്ങളുടെ കൂടി ഭാഗമായിരുന്നു പാർട്ടി വിടാനുള്ള പത്മജയുടെ തീരുമാനം. ഏതുനിലയിലും തൃശ്ശൂരില്‍ വിജയിക്കണമെന്ന ലക്ഷ്യത്തോടെ സുരേഷ് ഗോപി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഘട്ടത്തിലായിരുന്നു പത്മജയുടെ ബിജെപി പ്രവേശനം. കെ കരുണാകരൻ്റെ തട്ടകമായിരുന്ന തൃശ്ശൂരില്‍ പത്മജയുടെ ചുവടുമാറ്റം കോണ്‍ഗ്രസിൻ്റെ മണ്ണിളക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ടാക്കിയെന്നാണ് മുരളീധരനെ തൃശ്ശൂരില്‍ ഇറക്കിയതിലൂടെ വ്യക്തമാകുന്നത്. വടകരയെക്കാള്‍ സാധ്യത തൃശ്ശൂരില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് തന്നെയാവും രക്ഷകൻ്റെ വേഷത്തില്‍ തൃശ്ശൂരില്‍ ഇറങ്ങാൻ മുരളീധരനും തയ്യാറായിരിക്കുക. എന്തായാലും വടകരയില്‍ നിന്നും തൃശ്ശൂരിലേയ്ക്ക് മാറാൻ മുരളീധരന് നിയോഗമായത് പത്മജയുടെ ചുവടുമാറ്റം തന്നെയായിരുന്നു. ഈ തിരഞ്ഞെടുപ്പിലും അപ്രതീക്ഷിത ട്വിസ്റ്റിലൂടെ താരമായിരിക്കുകയാണ് മുരളീധരൻ, അതും കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനിറങ്ങുന്നു എന്ന പതിവ് വിവരണത്തോടെ. മുരളീധരനെ സംബന്ധിച്ച് തൃശ്ശൂരിൻ്റെ തട്ടകം സുഖമുള്ള ഓർമ്മയല്ല. 1998ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂർ മണ്ഡലത്തിലും 2004ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയിലും പരാജയം രുചിച്ചതിൻ്റെ കയ്‌പ്പേറിയ ഓർമ്മ തൃശ്ശൂരില്‍ ഇറങ്ങുമ്ബോള്‍ മുരളീധരനുണ്ടാകുമെന്ന് തീർച്ച.