
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും പ്രതിപക്ഷ നേതാവിന് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയുണ്ടെന്നും ഒരു കാരണവശാലും വിഡി സതീശനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിനെ ഞങ്ങള്‍ അനുകൂലിക്കില്ല എന്നു മാത്രമല്ല, ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
വിഡി സതീശന്‍ എന്നല്ല ഏതു കോണ്‍ഗ്രസ് നേതാവിനെയും പാര്‍ട്ടിക്ക് പുറത്തു നിന്നുള്ള ആരു വിമര്‍ശിച്ചാലും പാര്‍ട്ടി ശക്തമായി നേരിടും. എന്നുമാത്രമല്ല തിരിച്ചു പറയുകയും ചെയ്യും. എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരുടെയും പ്രവര്‍ത്തനങ്ങള്‍ ഹൈക്കമാന്‍ഡ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വെള്ളാപ്പള്ളി നടേശന്റെ ഒരു സമുദായത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള പരാമര്‍ശത്തെയാണ് ഞങ്ങള്‍ വിമര്‍ശിച്ചത്. അതൊരിക്കലും ആ സമുദായത്തോടുള്ള വിമര്‍ശനമല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയോടും കെ മുരളീധരന്‍ പ്രതികരിച്ചു. അങ്ങനെ പറയേണ്ടെന്ന് ആരോടും പറയാന്‍ കഴിയില്ലല്ലോയെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. സിപിഎം പരിപൂര്‍ണമായി സംഘപരിവാല്‍ അജണ്ടയിലേക്ക് മാറി. മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അതു തെളിയിക്കുന്നുവെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


