
യൂത്ത് കോണ്‍ഗ്രസ് മുൻ അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളില്‍ പ്രതികരിച്ച് കെ മുരളീധരൻ എംപി. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെ എന്നും, അന്വേഷണ റിപ്പോർട്ട് വരുന്നതിന് മുൻപ് വിധി പ്രസ്താവിക്കുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.
രാഹുല്‍ നിയമസഭയില്‍ എത്തുമ്ബോള്‍ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകള്‍ ഇപ്പോള്‍ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ സഭാ നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണെന്നും, പാർട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്തതിനാല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പട്ടികയില്‍ രാഹുലിന്റെ പേര് ഉണ്ടാവില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഭരണപക്ഷം ചിലപ്പോള്‍ കോഴിയുടെ ശബ്ദമുണ്ടാക്കിയേക്കാമെന്നും, അതിനെതിരെ യു.ഡി.എഫ് പൂച്ചയുടെ ശബ്ദമുണ്ടാക്കി പ്രതിരോധിക്കുമെന്നും മുരളീധരൻ പരിഹാസരൂപേണ പറഞ്ഞു. നിലവില്‍ ഭരണപക്ഷത്തെ ചില എം.എല്‍.എമാർക്കെതിരെയും പീഡന പരാതികളില്‍ കേസെടുത്തിട്ടുണ്ടെന്നും അവർ ജാമ്യത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുലിനെതിരായ ആരോപണങ്ങളില്‍ സർക്കാരിന്റെ അന്വേഷണത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, ഇതുവരെ നേരിട്ടുള്ള പരാതി ലഭിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രം തുടർ നടപടികള്‍ മതിയെന്നാണ് പാർട്ടി നിലപാട്. ഈ വിഷയത്തില്‍ വ്യക്തമായ തീരുമാനങ്ങളാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ പാർട്ടി അംഗത്വത്തില്‍ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതല്‍ നടപടികളുടെ ആവശ്യമില്ല. ബാക്കി കാര്യങ്ങള്‍ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് അതിന്റെ നയങ്ങള്‍ മറ്റ് പാർട്ടികളെ നോക്കി തീരുമാനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.