
ക്രിമിനല്‍ കേസ് മറച്ചുവച്ചു; തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ഐ ആന്റണിക്കെതിരെയുള്ള ആരോപണം തെറ്റ്; സൂക്ഷ്മപരിശോധനയ്‌ക്കൊടുവില്‍ ആന്റണിയുടെ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു; തൊടുപുഴയില്‍ ജോസഫിനെ വെട്ടാന്‍ ഇടത് മുന്നണി ഇറക്കിയ തുറുപ്പ് ചീട്ട് നിസ്സാരക്കാരനല്ല
സ്വന്തം ലേഖകന്‍
ഇടുക്കി: തൊടുപുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ഐ.ആന്റണിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയേക്കും എന്ന തരത്തില്‍ പടര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. കെ.ഐ.ആന്റണി സമര്‍പ്പിച്ച പത്രികയില്‍ ക്രിമിനല്‍ കേസ് വിവരം മറച്ചുവച്ചുവെന്ന് ആരോപിച്ച് തൊടുപുഴ, കുമാരമംഗലം കിഴക്കേല്‍ വാദ്യപിള്ളില്‍ ബിനു.കെ.എസ് ആണ് പരാതി നല്‍കിയത്. എന്നാല്‍ സൂക്ഷ്മപരിശോധനയ്‌ക്കൊടുവില്‍ കെ.ഐ ആന്റണിയുടെ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ഉന്നതാധികാര സമിതിയംഗമാണ് കെ.ഐ. ആന്റണി.
ഒരു ക്രിമിനല്‍ കേസും സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഇല്ലെന്നാണ് നാമനിര്‍ദ്ദേശപത്രികയില്‍ പറയുന്നത്. എന്നാല്‍, തൊടുപുഴ സ്റ്റേഷനില്‍ കെ.ഐ.ആന്റണിക്കെതിരെ ക്രിമിനല്‍ കേസുണ്ടെന്നും അടുത്ത മാസം 25 ന് ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചിട്ടുണ്ടെന്നും ആയിരുന്നു പരാതിക്കാരന്റെ വാദം. തന്റെ പേരില്‍ ക്രിമിനല്‍ കേസ് ഉള്ള വിവരം തനിക്കറിയില്ലെന്നായിരുന്നു കെ ഐ ആന്റണി വിഷയത്തോട് പ്രതികരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂക്ഷ്മ പരിശോധന സമയത്ത് ഹാജരായിരുന്ന കെ.ഐ ആന്റണിയുടെ അഭിഭാഷകന്‍ ബിനു എസ് തോട്ടുങ്കല്‍ ഇന്നേ തീയതി വരെ ഏതെങ്കിലും ക്രിമിനല്‍ കേസിന്റെ വിവരം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടില്ലെന്നും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെന്നും വാദിച്ചു. 1950 ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 33 അ(1) പ്രകാരം ഈ എതിര്‍പ്പ് നിലനില്‍ക്കില്ലെന്നും വാദമുണ്ടായി. തെറ്റായ വിവരം നല്‍കി എന്നതിന്റെ പേരില്‍ മാത്രം പത്രിക തള്ളരുതെന്നും നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍, തടസ്സവാദം തള്ളി റിട്ടേണിങ് ഓഫീസര്‍ പത്രിക സ്വീകരിച്ചു.
വര്‍ഷങ്ങളായി പി.ജെ ജോസഫ് മത്സരിക്കുന്ന തൊടുപുഴ സീറ്റില്‍ അദ്ദേഹം തന്നെയാണ് ഇക്കുറിയും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. പി ശ്യാംരാജ് ആണ് ഇവിടുത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ടിന്റെയും ജോയ്സ് ജോര്‍ജിന്റെയുമെല്ലാം പേര് ഇവിടേക്ക് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ജോസ് വിഭാഗത്തിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതോടെ അഭ്യൂഹങ്ങളെല്ലാം മാറി.