
കൊല്ലം: കെ എസ് യു നേതാവായ ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ പരസ്യമായി ഭീഷണി മുഴക്കി മന്ത്രി കെ ബി ഗണേഷ് കുമാർ.
കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണനെതിരെയാണ് ഗണേഷ് കുമാർ പൊതുവേദിയില്‍ ഭീഷണി മുഴക്കിയത്. മേലു നോവാതെ നോക്കണമെന്നായിരുന്നു യദുകൃഷ്ണനെതിരെ മന്ത്രിയുടെ പരാമർശം.
പട്ടാഴി പുളിവിള അങ്കണവാടി ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ ഭീഷണി പ്രസംഗം. ‘പേടിപ്പിച്ചാല്‍ പേടിക്കുന്നയാള് വേറെയാ, മേലു നോവാതെ നോക്കുന്നത് അവരവർക്ക് നന്ന്. നല്ലകാര്യം നടക്കുമ്പോള്‍ മൂക്ക് മുറിച്ചു ശകുനം മുടക്കുകയാണ്’ എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്കണവാടി ഉദ്ഘാടനത്തിന് ബ്ലോക്ക് പഞ്ചായത്തംഗമായ യദുകൃഷ്ണനെ ക്ഷണിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് യദു മന്ത്രിക്കെതിരെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മിഷനു നല്കിയ സത്യവാങ്മൂലത്തില്‍ ഗണേഷ് കുമാർ സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചതായി ആരോപിച്ചു യദുകൃഷ്ണൻ കോടതിയില്‍ ഹർജി ഫയല്‍ ചെയ്തിരുന്നു. ഈ ഹർജി തുടർവാദം കേള്‍ക്കാൻ മാറ്റിയിരിക്കുകയാണ്. ഈ സംഭവത്തോടെ യദുകൃഷ്ണനും മന്ത്രിയും പല വേദികളിലും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്ന പരിപാടികളില്‍ നിന്നു തന്നെ ഒഴിവാക്കാൻ മന്ത്രി നിർദേശിച്ചിരിക്കുകയാണെന്ന് യദുകൃഷ്ണൻ ആരോപിച്ചു.



