
കോട്ടയത്ത് സ്കൂൾ ഹോസ്റ്റലിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ജൂനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം ; ആക്രമണത്തിൽ ചെവി മുറിഞ്ഞു പോയി, ചൈൽഡ് ലൈനിൽ പരാതി നൽകി കുടുംബം
കോട്ടയം : സ്കൂള്‍ ഹോസ്റ്റലില്‍ ജൂനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാർത്ഥിയുടെ ചെവി മുറിഞ്ഞുപോയി.
കടുത്തുരുത്തി സർക്കാർ ഹയർ സെക്കൻഡറി സ്കൂള്‍ ഹോസ്റ്റലിലാണ് സംഭവം നടന്നത്. ചെവി മുറിഞ്ഞ വിദ്യാർത്ഥിക്ക് അദ്ധ്യാപകർ ചികിത്സ വെെകിപ്പിച്ചെന്നും പരാതിയുണ്ട്. കുന്നംകുളകാരനായ പ്ലസ് ടു വിദ്യാർത്ഥിയുടെ കുടുംബമാണ് പരാതിയുമായി ചെെല്‍ഡ് ലെെനെ സമീപിച്ചത്. ചെവിയുടെ ഒരു ഭാഗം അടർന്നുപോയ വിദ്യാർത്ഥി പ്ലാസ്റ്റിക് സർജറിക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. ഈ മാസം 18ന് രാത്രിയാണ് ആക്രമണം ഉണ്ടായത്.
ഹോസ്റ്റലിലെ പത്താം ക്ലാസുകാരായ ജൂനിയർ വിദ്യാർത്ഥികള്‍ പ്ലസ് ടു വിദ്യാർത്ഥിയായ 17കാരനെ മർദിക്കുകയായിരുന്നു. ആക്രമണത്തില്‍ 17കാരന്റെ ഇടത് ചെവിയുടെ ഒരു ഭാഗം മുറിഞ്ഞുപോയി. വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്കേറ്റിട്ടും ഇക്കാര്യം ഹോസ്റ്റലിന്റെ ചുമതലയുണ്ടായിരുന്ന വാർഡൻ ഉള്‍പ്പടെയുള്ളവർ മറച്ചുവച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ആക്രമണത്തിന്റെ വിവരം പുറത്തറിയാതിരിക്കാൻ സ്കൂള്‍ അധികൃതർ നുണ പറഞ്ഞെന്നും ആരോപണമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂള്‍ അധികൃതരുടെ വീഴ്ച കാരണം കുട്ടിക്ക് പ്ലാസ്റ്റിക് സർജറി ചെയ്യാൻ മൂന്നുദിവസം വെെകിയെന്നും കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ ചെെല്‍ഡ് ലെെൻ അധികൃതർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ കുട്ടികള്‍ തമ്മിലുണ്ടായ സംഘർഷത്തെ പറ്റി യഥാസമയം അറിഞ്ഞിരുന്നില്ലെന്നും പരിക്കേറ്റ നിലയില്‍ ഹോസ്റ്റലില്‍ കണ്ട വിദ്യാർത്ഥിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നെന്നുമാണ് ഹോസ്റ്റല്‍ വാർഡൻ പ്രതികരിച്ചത്.