സ്ഥാനക്കയറ്റം ഇല്ലാതെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ

സ്ഥാനക്കയറ്റം ഇല്ലാതെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്ഥാനക്കയറ്റം ഇല്ലാതെ സംസ്ഥാന ആരോഗ്യവകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ. 20 വർഷത്തിലധികം സർവീസുള്ള തൊള്ളായിരത്തോളം പേരാണ് വകുപ്പിന്റെ അനാസ്ഥമൂലം സ്ഥാനക്കയറ്റം ലഭിക്കാതെ വലയുന്നത്. 300 തസ്തിക ഒഴിവുണ്ടെങ്കിലും കേരളത്തിനു പുറത്തു പഠിച്ചിറങ്ങിയവരാണെന്ന കാരണം കാണിച്ചാണ് ആരോഗ്യ വകുപ്പ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സ്ഥാനക്കയറ്റം തടയുന്നത്.

1995 മുതൽ 2000 വരെ നിയമിതരായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കാണ് സ്ഥാനക്കയറ്റം കിട്ടാക്കനിടയാകുന്നത്. ഇവരോടൊപ്പവും അതിനുശേഷവും സർവീസിലെത്തിയ നിരവധിപേർ സ്ഥാനക്കയറ്റം നേടി മുന്നോട്ടു പോയി. കഴിഞ്ഞമാസം 29 ന് പുറത്തിറങ്ങിയ ആരോഗ്യ വകുപ്പിന്റെ ഉത്തരവിലും ഇവർക്കുശേഷം സർവീസിൽ കയറിയ 208 പേർക്കാണ് സ്ഥാനക്കയറ്റം നൽകിയത്. സീനിയോറിറ്റി ചട്ടങ്ങൾ മറികടന്നാണ് ഈ ഉത്തരവിറക്കിയതെന്നു ചൂണ്ടിക്കാട്ടി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ രണ്ട് സീനിയോറിറ്റി പട്ടികകൾ നിലവിലുണ്ടായിരുന്നു. 1997 മാർച്ചിനും 2000 മാർച്ചിനും ഇടയിൽ പി.എസ്.സി നിയമനം ലഭിച്ച 1017 പേരുടെ പട്ടികയാണ് ആദ്യത്തേത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനുശേഷം 2003 വരെ 2007 വരെ നിയമനം ലഭിച്ച 1500റോളം പേരുടെ പട്ടിക പിന്നീടിറങ്ങി. രണ്ടാമത്തെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന 131 പേർക്ക് 1997നു മുൻപുള്ള സീനിയോറിറ്റി നൽകിയത് മുൻപു വിവാദമായിരുന്നു. ഇവർ താൽക്കാലികമായി ജോലി ചെയ്തിരുന്നവരാണെന്ന വിചിത്രവാദം അപ്പോൾ കാരണമായി ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നു. പി.എസ്.സി വഴി നിയമനം ലഭിക്കുന്ന തീയതിയാണ് സീനിയോറിറ്റിയുടെ മാനദണ്ഡമെന്ന് സർവീസ് ചട്ടങ്ങൾ പറയുന്നു. അതിനു മുൻപുള്ള താൽക്കാലിക ജോലികൾ സർക്കാർ സർവീസായി പരിഗണിക്കാറില്ല. ഇത് അട്ടിമറിച്ചാണ് 131 പേരെ പ്രൊമോഷൻ കേഡറിലെത്തിച്ചതെന്നും ആരോപണമുയർന്നിരുന്നു. സ്ഥാനക്കയറ്റം സംബന്ധിച്ച് വകുപ്പിൽ തയ്യാറാക്കപ്പെടുന്ന മുൻഗണനാ പട്ടിക അട്ടിമറിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അതിന് വകുപ്പിലെ ഉന്നതർ കൂട്ടുനിൽക്കുകയാണെന്നും ജീവനക്കാർ ആരോപിക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത് അവധിയെടുക്കാതെ നിസ്വാർത്ഥ സേവനം നടത്തിയ ഹെൽത്ത് ഇൻസ്പെക്ടർമാരെ ആരോഗ്യ വകുപ്പ് പരിഗണിക്കുന്നില്ലെന്നാണ് വ്യാപകമായ ആരോപണം.