ന്യൂനതയുള്ള പേപ്പർ ബാഗ് നിർമാണ യന്ത്രം നൽകി കബളിപ്പിച്ചു ; മെഷിൻ വാങ്ങിയാൽ പ്രതിമാസം 30,000 മുതൽ 40,000 രൂപ വരെ ആദായമുണ്ടാക്കാമെന്ന് വാഗ്‌ദാനവും ; പരാതിയിൽ 1.68 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് വിധി

Spread the love

എറണാകുളം : പേപ്പർ ബാഗ്, ടിഷ്യൂപേപ്പർ എന്നിവ ഉത്പാദിപ്പിക്കുന്ന മെഷിൻ നൽകി തൊഴിൽ സംരംഭകനെ കബളിപ്പിച്ച ഉപകരണ നിർമാതാവ് നഷ്ടപരിഹാരവും കോടതി ചെലവും യന്ത്രത്തിന്റെ വിലയും ഉൾപ്പെടെ 1.68 ലക്ഷം രൂപ പരാതിക്കാരന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

എറണാകുളം കുമ്പളങ്ങി സ്വദേശി ഫ്രാൻസിസ് എഡ്വിൻ ,ഡൽഹിയിലെ ബെസ്റ്റ്ഡീൽ മെഷിനറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

കടലാസ് അധിഷ്ഠിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള മെഷിൻ വാങ്ങിയാൽ പ്രതിമാസം 30,000 മുതൽ 40,000 രൂപ വരെ ആദായമുണ്ടാക്കാം എന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ച് 1.38 ലക്ഷം രൂപയ്ക്കുള്ള മെഷിൻ എതിർ കക്ഷികൾ പരാതിക്കാരന് ഒരു വർഷത്തെ വാറന്റി ഉൾപ്പെടെ നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഷിൻ വാങ്ങിയ ഉടനെ തന്നെ അതു പ്രവർത്തന രഹിതമാവുകയും പലപ്രാവശ്യം റിപ്പയർ ചെയ്യേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തു. മാത്രമല്ല കടലാസ് അധിഷ്ഠിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിന് 35,000 രൂപ രണ്ടാം എതിർകക്ഷിക്ക് പരാതിക്കാരൻ നൽകി. കേടായ മെഷിൻ നന്നാക്കുന്നതിന് പലപ്പോഴും കാലവിളംബം വരുത്തിയതായും പരാതിയിൽ പറയുന്നു.

കമ്പനിയുടെ സേവനത്തിലെ ന്യൂനതമൂലം പരാതിക്കാരന് വലിയ നഷ്ടവും മന:ക്ലേശവും ഉണ്ടായി എന്നത് വ്യക്തമാണെന്നും, ആയത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിർത്തി.

മെഷിനിന്റെ വിലയായ 1 38,000/- രൂപയും 20,000/- രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷികൾ പരാതിക്കാരന് നൽകണമെന്ന് കോടതി ഉത്തരവ് നൽകി.

പരാതിക്കാരന് വേണ്ടി അഡ്വ. സി എ ആതിര കോടതിയിൽ ഹാജരായി.