സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടി പൂർത്തിയാക്കാൻ അധികസമയം ആവശ്യപ്പെട്ട് വിചാരണ കോടതി. 2024 മാർച്ച് 31 വരെ സമയം അനുവദിക്കണമെന്നാണ് വിചാരണകോടതിയുടെ ആവശ്യം. ഇത് സംന്ധിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 31നകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശം. സാക്ഷി വിസ്താരം പൂർത്തിയാക്കാൻ മാത്രം മൂന്ന് മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും കോടതിയെ ജഡ്ജി അറിയിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇന്ന് പരിഗണിക്കും.
അതേസമയം കേസ് നീട്ടിക്കൊണ്ട് പോകാനാണ് അതിജീവിതയുടെ ഭാഗത്തിന്റെ ശ്രമമെന്ന് ദിലീപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കേസിൽ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അതിജീവിത സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ദിലീപ് നിലപാട് അറിയിച്ചത്.
മെമ്മറി കാർഡ് മൂന്നുതവണ അനധികൃതമായി പരിശോധിച്ചതിന് കാരണമായ സാഹചര്യം സംബന്ധിച്ച് അന്വേഷണത്തിനായാണ് നടി കോടതിയിൽ ഹർജി സമർപ്പിച്ചത്.എന്നാൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടെങ്കിലും അതിലെ ദൃശ്യങ്ങൾക്ക് കേടുപാടില്ലെന്ന് ഫോറൻസിക് പരിശോധനാ റിപ്പോർട്ടിലുണ്ടെന്നാണ് നടൻ ദിലീപിന്റെ വാദം.
ദൃശ്യങ്ങളുടെ ഹാഷ് വാല്യുവിൽ മാറ്റമില്ല. ദൃശ്യങ്ങളിൽ മാറ്റമില്ലെന്നിരിക്കെ ഇത് എങ്ങനെയാണ് അന്വേഷിക്കുന്നത്? കേസിന്റെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ്. ഇതനുവദിക്കരുതെന്നും നടൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.