ജെ.പി നദ്ദ ബി.ജെ.പി അധ്യക്ഷനാകും
സ്വന്തംലേഖിക
അമിത് ഷാ കേന്ദ്രമന്ത്രിയായതോടെ അടുത്ത ബി.ജെ.പി അധ്യക്ഷനാരെന്ന ചർച്ചകൾ സജീവമായി. മുൻ കേന്ദ്ര മന്ത്രി ജെ.പി നദ്ദയുടെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.അവസാന നിമിഷം വരെ സസ്‌പെൻസ് നിലനിർത്തിയെന്നതൊഴിച്ചാൽ അപ്രതീക്ഷിതമായിരുന്നില്ല ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ മന്ത്രിസഭ പ്രവേശം. മന്ത്രിമാരാകാൻ ക്ഷണം ലഭിച്ചവരിൽ കഴിഞ്ഞ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന ജെ.പി നദ്ദയുടെ പേരില്ലാതിരുന്നതോടെ പാർട്ടി നേതൃപദവിയിലേക്ക് അദ്ദേഹത്തെയാണ് പരിഗണിക്കുന്നതെന്ന സൂചനയും ശക്തമായി. അമിത് ഷാ കഴിഞ്ഞാൽ പാർട്ടിയുടെ പ്രധാന തന്ത്രജ്ഞരിൽ ഒരാളാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള നേതാവായ ജെ.പി നദ്ദ. ഇത്തവണ ഉത്തർപ്രദേശിന്റെ ചുമതലയായിരുന്നു നദ്ദക്ക്. എസ്.പി-ബി.എസ്.പി സഖ്യമുയർത്തിയ വെല്ലുവിളിയെ മറികടന്ന് കഴിഞ്ഞ തവണത്തേതിന് തുല്യമായ തിളക്കമുള്ള വിജയം ബി.ജെ.പിക്ക് സമ്മാനിക്കുന്നതിൽ നദ്ദയുടെ തന്ത്രങ്ങൾക്കും പങ്കുണ്ട്. ഇത്തവണ സ്ഥാനാർഥി നിർണയത്തിലും നദ്ദക്ക് റോളുണ്ട്. നദ്ദയുൾപ്പെടെ ആര് അധ്യക്ഷ പദത്തിലേക്ക് വന്നാലും പാർട്ടി കാര്യങ്ങളിൽ അമിത് ഷായുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനങ്ങൾ. ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പുകളാണ് ജെ.പി നദ്ദയുടെ മുന്നിലെ ആദ്യ വെല്ലുവിളികൾ.