മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് സലിം അന്തരിച്ചു

Spread the love

സ്വന്തം ലേഖിക

കൊച്ചി: സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന കമ്മിറ്റി അംഗവും ഐ എഫ് ഡബ്‌ള്യു ജെ വര്‍ക്കിങ് കമ്മിറ്റി അംഗവുമായ മുഹമ്മദ് സലിം(74) അന്തരിച്ചു.

കാക്കനാട് സഹകരണ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഉച്ചക്ക് ഒരു മണിക്ക് പടമുകള്‍ ജുമാമസ്ജിദില്‍ ഖബറടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം പ്രസ്, ക്ലബ്ബിന്റെ മുന്‍ സെക്രട്ടറി, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പി.ആര്‍.ഒ, പത്രപ്രവര്‍ത്തകരുടെ അഖിലേന്ത്യാ സംഘടനയായ ഐഎഫ്ഡബ്ല്യുജെ പ്രവര്‍ത്തക സമിതി അംഗം, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗമായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ടെലക്‌സ് (ബ്യൂറോ ചീഫ്) വീക്ഷണം (സബ് എഡിറ്റര്‍) മംഗളം (കറസ്‌പോണ്ടന്റ്), ജനയുഗം, മലയാള മണ്ണ് (സ്‌പെഷല്‍ കറസ്‌പോണ്ടന്റ്) എന്നീ പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘പാര’ രാഷ്ട്രീയ ആക്ഷേപഹാസ്യ മാസികയുടെ കോഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ ആയിരുന്നു. അസാധു വിനോദ മാസികയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സീനിയര്‍ ജേര്‍ണലിസ്റ്റ്‌ ഫോറത്തിന്റെ സ്ഥാപകരില്‍ ഒരാളാണ്. ഫോറം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു. നിലവില്‍ സംസ്ഥാന സമിതി അംഗം. മീഡിയ കൊച്ചിന്‍ എന്ന ഒരു പബ്ലിക് റിലേഷന്‍സ് സ്ഥാപനം സലിം നടത്തി വരികയായിരുന്നു.

കോട്ടയം ചുങ്കം ഇടാട്ടുതറയില്‍ പരേതനായ കെ. അലിയാരുടെയും കോടിമത മഠത്തിപറമ്പില്‍ പരേതയായ കെ.ഹലീമ ബീവിയുടെയും മകനാണ്. കോട്ടയം സിഎംഎസ് കോളജിലായിരുന്നു വിദ്യാഭ്യാസം.
ഗവണ്‍മെന്റ് ഹോമിയോ (റിട്ട.) മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എ. പരിമള കുമാരിയാണ് ഭാര്യ. മക്കള്‍: തന്‍വീര്‍ എം. സലിം (ഫ്‌ളേവറി, പാലാരിവട്ടം), തസ്‌വീര്‍ എം. സലിം (ദുബൈ).

1970കളില്‍ കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നിരവധി ചെറുകിട ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവ കേരളം, പ്രിയംവദ, സമത, സൗരയൂഥം, ഡയറക്ടര്‍ എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടും.
1973 ല്‍ കേരളം സന്തോഷ് ട്രോഫി നേടിയതു മുതല്‍ കൊച്ചിയില്‍ അരങ്ങേറിയ എല്ലാ ഫുട്‌ബോള്‍ മേളകളുടെയും പബ്ലിസിറ്റി കണ്‍വീനര്‍ സലീമായിരുന്നു.