
കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നാല് നിയമസഭാ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുന്ന കാര്യത്തിൽ ഏകദേശ ധാരണയായി.നാളെ നടക്കുന്ന കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം ഈ കാര്യം ചര്‍ച്ച ചെയ്യും.
പത്തില്‍ നാല് പോകുമെന്ന കാര്യത്തിൽ സംശയമില്ല.
നിലവില്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ ജോസഫ് വിഭാഗം തയ്യാറല്ലെങ്കിലും കോണ്‍ഗ്രസിന്റെ ശക്തമായ സമ്മര്‍ദത്തിന് വഴങ്ങാതെ ജോസഫ് ഗ്രൂപ്പിനു മറ്റു വഴികളില്ല.
ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോണ്‍ഗ്രസ് തിരികെ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ എട്ടിലും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം.
ഈ നാല് മണ്ഡലങ്ങളിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയസാധ്യത ഇല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പഠനത്തിന്റെയും അവലോകനത്തിന്റെയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഈ നിലപാടിലേക്ക് എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോണ്‍ഗ്രസ് നേരിട്ട് മത്സരിച്ചാല്‍ ഈ സീറ്റുകള്‍ ഉറപ്പായും വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും പാര്‍ട്ടി നേതൃത്വം പ്രകടിപ്പിക്കുന്നു.
ഇടുക്കിയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പല മണ്ഡലങ്ങളിലും അവര്‍ക്ക് ശക്തമായ സംഘടനാ സംവിധാനമില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്.
നാല് സീറ്റുകള്‍ വിട്ടുനല്‍കുന്നതിന് പകരമായി പൂഞ്ഞാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കി ഒരു ഒത്തുതീര്‍പ്പിലെത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.
പി.ജെ. ജോസഫുമായും മോന്‍സ് ജോസഫുമായും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ഈ ആവശ്യം അറിയിച്ചതായാണ് വിവരം.
നാളെ ചേരുന്ന യോഗത്തില്‍ സീറ്റ് വിട്ടു നല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും.
അതേസമയം വിട്ടു കിട്ടുന്ന സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കോൺഗ്രസിൽ ചർച്ച തുടങ്ങി. ഏറ്റുമാനൂരിൽ ഡിസി സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് എന്നിവരുടെ പേരുകളാണ് ആദ്യ ഘട്ടത്തിൽ പറഞ്ഞു കേൾക്കുന്നത്. ഫിലിപ്പ് ജോസഫിനാണ് സാധ്യത. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളയാൾ മത്സരിച്ചാൽ വിജയ സാധ്യത ഏറെയാണ് എന്നാണ് പൊതുവെ വിലയിരുത്തൽ .



