ജോസഫിന്റെ പിടിവാശിയിൽ കോൺഗ്രസിൽ അമർഷം: ജോസഫിന്റെ വാശി തിരിച്ചടിയാകുമെന്ന ഭീതിയിൽ കോൺഗ്രസ്: മുതിർന്ന നേതാവ് ഇടപെട്ടിട്ടും രണ്ടാം സീറ്റിൽ അടങ്ങാതെ ജോസഫ്; കേരള കോൺഗ്രസിൽ വീണ്ടും മക്കൾ രാഷ്ട്രീയക്കാലം

ജോസഫിന്റെ പിടിവാശിയിൽ കോൺഗ്രസിൽ അമർഷം: ജോസഫിന്റെ വാശി തിരിച്ചടിയാകുമെന്ന ഭീതിയിൽ കോൺഗ്രസ്: മുതിർന്ന നേതാവ് ഇടപെട്ടിട്ടും രണ്ടാം സീറ്റിൽ അടങ്ങാതെ ജോസഫ്; കേരള കോൺഗ്രസിൽ വീണ്ടും മക്കൾ രാഷ്ട്രീയക്കാലം

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് ലഭിക്കണമെന്ന പി.ജെ ജോസഫിന്റെ പിടിവാശിയിൽ കോൺഗ്രസിൽ കടുത്ത അമർഷം. രണ്ടു സീറ്റെന്ന വാശിയിൽ നിന്നും പിന്നോട്ട് പോകണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ മുതിർന്ന നേതാവ് തന്നെ പി.ജെ ജോസഫിനെ സമീപിച്ചെങ്കിലും ഇതിനു ഇതുവരെയും ജോസഫ് തയ്യാറായിട്ടില്ല. ജോസഫിന്റെ പിടിവാശി കേരളത്തിൽ യുഡിഎഫിനു തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് കോൺഗ്രസും മറ്റ് ഘടകക്ഷികളും. ഇതിനിടെ കോട്ടയം, ഇടുക്കി സീറ്റിൽ നിന്നു മത്സരിച്ച ശേഷം, ഒഴിവ് വരുന്ന തൊടുപുഴ നിയമസഭാ സീറ്റിൽ മകനെ മത്സരിപ്പിക്കുന്നതിനാണ് ജോസഫിന്റെ പദ്ധതി. ഇതോടെ മറ്റൊരു കേരള കോൺഗ്രസ് നേതാവിന്റെ മകൻ കൂടി രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് ഏതാണ് ഉറപ്പായി.
നിലവിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തന്നെയാണ് കേരളത്തിൽ സാധ്യതയെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. മറ്റ് സമ്മർദങ്ങളൊന്നുമുണ്ടായില്ലെങ്കിൽ ഇരുപതിൽ ഇരുപത് സീറ്റും കോൺഗ്രസിന് വിജയിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ ജോസഫ് ഉയർത്തുന്ന എതിർപ്പ് ചർച്ചയായിരിക്കുന്നത്. ജോസഫിന്റെ എതിർപ്പ് മറ്റു ജില്ലകളിലും പ്രശ്‌നമുണ്ടാക്കുമെന്നാണ് ആശങ്ക. അതൃപ്തിയും തർക്കങ്ങളുമില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കിയെങ്കിൽ മാതൃമേ കൃത്യമായ മുന്നൊരുക്കത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ സാധിക്കൂ. ഇതിനു പകരം തർക്കങ്ങൾ ഉടലെടുത്താൻ വോട്ടർമാർക്കിടയിൽ ഇത് അസംതൃപ്തി സൃഷ്ടിക്കുമെന്നാണ് കോൺഗ്രസിന്റ് വിലയിരുത്തൽ. 
ഇതിനിടെ പാർട്ടി പിളർത്താനുള്ള നീക്കങ്ങൾ പി.ജെ ജോസഫ് വിഭാഗം ആരംഭിച്ചതായും സൂചനയുണ്ട്. ഇതിന്റെ ഭാഗമായി മകന്റെ പേരിൽ പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ച ജോസഫ് ഇതിന്റെ പ്രവർത്തനങ്ങളിൽ ഇപ്പോൾ സജീവമാണ്. പാലിയേറ്റീവ് കെയർ രോഗികൾക്ക് ആയിരം രൂപ വീതം നൽകുന്ന പദ്ധതിയും ഇപ്പോൾ ജോസഫ് നടത്തുന്നുണ്ട്. ഇതുവഴി കൃത്യമായ പ്ലാറ്റ്‌ഫോം രൂപീകരിക്കുകയാണ് ജോസ്ഫ് ചെയ്തിരിക്കുന്നത്. 
ഇതിനിടെ കോട്ടയം സീറ്റിൽ മത്സരിച്ച് വിജയിച്ച് കേന്ദ്രത്തിൽ മന്ത്രിസ്ഥാനമാണ് ജോസഫ് ലക്ഷ്യമിടുന്നത്. അടുത്തതായി കോൺഗ്രസോ, യു.പി.എയോ നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ എത്തിയാൽ, ജോസ് കെ.മാണിയെ വെട്ടി കേന്ദ്ര മന്ത്രിസ്ഥാനം നേടിയെടുക്കുകയാണ് ഇപ്പോൾ ജോസഫ് ലക്ഷ്യമിടുന്നത്. കോട്ടയം സീറ്റിൽ നിന്നു വിജയിച്ചാൽ തൊടുപുഴയിൽ മകനെ മത്സരിപ്പിക്കുന്നതിനാണ് പദ്ധതി. 
കേരളകോൺഗ്രസിന്റ് ചരിത്രത്തിൽ മറ്റൊരു മകൻ കൂടി രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതിനാണ് ഇനി സാക്ഷിയാകേണ്ടി വരിക. ഈ സാഹചര്യത്തിൽ ജോസഫിനെ തടയാനും, അനുനയിപ്പിക്കാനും കോൺഗ്രസ് നേതൃത്വം പരിശ്രമിക്കുന്നുണ്ട്. എന്നാൽ, ഇത് എത്രത്തോളം ഫലവത്താകുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.