ഒടുവിൽ ജോസഫ് പത്തിലുറപ്പിച്ചു..! കടുത്തുരുത്തി ഉൾപ്പടെ പത്ത് സീറ്റുകൾ ജോസഫ് വിഭാഗത്തിന് ; സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്
സ്വന്തം ലേഖകൻ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പത്ത് സീറ്റ്. കാസർഗോട്ടെ തൃക്കരിപ്പൂർ കൂടി ജോസഫ് വിഭാഗത്തിന് നൽകാൻ തീരുമാനിച്ചതോടെയാണ് പത്ത് സീറ്റ് ലഭിച്ചത്. അവസാന നിമിഷം വരെ മൂവാറ്റുപുഴ സീറ്റിനായി ജോസഫ് സമർദ്ദം ചെലുത്തിയിരുന്നു.
എന്നാൽ ജോസഫ് പിന്മാറാൻ തയാറാകാഞ്ഞതോടെ കോൺഗ്രസ് ഒടുവിൽ തൃക്കരിപ്പൂർ നൽകുകയായിരുന്നു. നേരത്തെ ഒമ്പത് സീറ്റുകൾ നൽകാനായിരുന്നു കോൺഗ്രസിന്റെ തീരുമാനം. എന്നാൽ, പത്തിൽ ജോസഫ് ഉറച്ചുനിന്നതോടെ തീരുമാനം മാറ്റുകയായിരിന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തർക്കം പരിഹരിച്ചതോടെ ജോസഫ് വിഭാഗം ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.കോട്ടയത്ത് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകളിൽ ജോസഫ് ഒതുങ്ങി. ആദ്യം ഏറ്റുമാനൂർ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകാൻ ധാരണയായിരുന്നെങ്കിലും പിന്നീട് കോൺഗ്രസുമായി വച്ചുമാറുന്ന തരത്തിൽ ചർച്ചകൾ നടന്നു.
ഏറ്റുമാനൂരിന് പകരം പൂഞ്ഞാർ വേണമെന്നായിരുന്നു പി.ജെ. ജോസഫിന്റെ ആവശ്യം. ഒപ്പം മൂവാറ്റുപുഴയെന്ന ആവശ്യവും മുന്നോട്ടുവച്ചു. എന്നാൽ, കോൺഗ്രസ് വഴങ്ങിയില്ല.ഏറ്റുമാനൂർ കേരളാ കോൺഗ്രസിന് നൽകിയതിനെതിരേ യൂത്ത് കോൺഗ്രസ് കടുത്തപ്രതിഷേധം ഉയർത്തിയിരുന്നു. പിന്നാലെ സ്ഥാനാർഥിത്വത്തെ ചൊല്ലി ജോസഫ് ഗ്രൂപ്പിലും തർക്കം ഉടലെടുത്തു.
ഇതോടെയാണ് ഏറ്റുമാനൂർ വിട്ടുനൽകാൻ ജോസഫ് ഗ്രൂപ്പിൽ ആലോചന നടന്നത്.ടോമി കല്ലാനി ഉറപ്പിച്ച പൂഞ്ഞാർ വിട്ടുതരില്ലെന്ന് അറിയിച്ച കോൺഗ്രസ് ഏറ്റുമാനൂരിൽ തന്നെ മത്സരിക്കാൻ ജോസഫിനോട് ആവശ്യപ്പെട്ടു. എന്നാൽ ജോസഫ് വിഭാഗത്തിലെ പ്രിൻസ് ലൂക്കോസ് ഇവിടെ പ്രചാരണം തുടങ്ങിയിരുന്നു.