play-sharp-fill
ജോസഫ് ഒരു പൊലീസുകാരനല്ല: ഒരായിരം പൊലീസ്..! അല്ലയോ പൊലീസുകാരാ നിങ്ങളിലും ജോസഫുണ്ട്

ജോസഫ് ഒരു പൊലീസുകാരനല്ല: ഒരായിരം പൊലീസ്..! അല്ലയോ പൊലീസുകാരാ നിങ്ങളിലും ജോസഫുണ്ട്

 സിനിമാ ഡെസ്‌ക്
കോട്ടയം: ജോസഫ് ഒരു പൊലീസുകാരനല്ല, ഒരായിരം പൊലീസുകാരുടെ പ്രതീകമാണ്..! കുറ്റാന്വേഷകൻ മാത്രമല്ല, കാക്കിയുടെ ചട്ടക്കൂടിൽ നിന്ന് എല്ലാം നഷ്ടപ്പെട്ടവനാണ് ജോസഫ്. പ്രണയം കുടുംബം പുരസ്‌കാരങ്ങൾ.. ഒടുവിൽ അവന്റെ ആത്മാവിനെ തന്നെ ജോസഫിന് നഷ്ടമാകുന്നു. ജനങ്ങളുടെ സുരക്ഷിതത്വത്തിനായി കുറ്റവാളികളുടെ പിന്നാലെ പാഞ്ഞു നടക്കുന്ന ഒരു സാദാ പൊലീസുകാരന് സമൂഹം എന്തു നൽകുന്നുവെന്ന് പറയാതെ പറയുകയാണ് ജോസഫ്.

എം.പത്മകുമാറിന്റെ സംവിധാനത്തിൽ, നിർമ്മാതാവും നടനുമായ ജോജു ജോസഫ് നാകയനാകുന്ന ജോസഫ്, സർവീസിലുള്ളവരും വിരമിച്ചവരുമായ ഏതൊരു പൊലീസുകാരനും കണ്ടിരിക്കേണ്ട കഥയാണ്. അവരുടെ അനുഭവകഥയാണ്. ഒരിക്കലെങ്കിലും ജോസഫാകാത്ത ഒരു പൊലീസുകാരനും കാക്കിക്കുള്ളിലുണ്ടാകില്ല. ഒരു കുറ്റാന്വേഷകനായ പൊലീസുകാരൻ എപ്പോഴും ഉണർന്നിരിക്കേണ്ടവനാണ്.. അനുഭവങ്ങളാണ് അവനെ മികവിന്റെ പര്യായമാക്കി മാറ്റുന്നത്.
പല പൊലീസ് കുറ്റാന്വേഷണ കഥകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും, ജോസഫിനോളം മുറുക്കമുള്ള തിരക്കഥയും, കുറ്റാന്വേഷകനായ പൊലീസുകാരന്റെ ജീവിതം വച്ചുള്ള കഥപറച്ചിലും ഇത്ര ആഴത്തിൽ മലയാളത്തിലുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
കറുകച്ചാൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറായ ഷാഹി കബീർ എന്ന ഒറിജിനൽ പൊലീസ്, തന്റെ തിരക്കഥയിലൂടെ ജോസഫിനെ വരച്ചു വച്ചിരിക്കുന്നത് പൊലീസുകാർക്ക് ഒരു പാഠപുസ്തകമായാണ്. പൊലീസ് ക്യാമ്പിൽ നിന്നു പഠിച്ച അച്ചടക്കം ഷാഹി തന്റെ തിരക്കഥയിലൂടെ കൈമാറിയപ്പോൾ, മികച്ച കയ്യടക്കത്തോടെ സംവിധായകൻ പത്മകുമാർ അടുത്തകാലത്ത് മലയാളം കണ്ട ഏറ്റവും മികച്ച പരീക്ഷണ ചിത്രം മലയാളി പ്രേക്ഷകർക്ക് സമ്മാനിക്കുകയായിരുന്നു.

കോട്ടയത്തെ ഞെട്ടിച്ച അതിക്രൂരമായ ഒരു കൊലപാതകത്തിലൂടെയാണ് ജോസഫിന്റെ തുടക്കം. സർവീസിൽ നിന്നു വിരമിച്ച, ഏകാന്തവാസിയായ ഒരു പൊലീസുകാരന്റെ ജീവിതം പറയാൻ അതിലും മികച്ച ഒരു തുടക്കം ഒരു സിനിമയ്ക്കും നൽകാനാവില്ല. കുറ്റാന്വേഷകന്റെ മികവ് എങ്ങിനെയാകണം, അവന്റെ ശ്രദ്ധ എവിടെയെല്ലാം പതിയണം എന്നതെല്ലാം ആദ്യത്തെ ആ സീനിൽ തന്നെ തിരക്കഥാകൃത്ത് വരച്ചു കാട്ടുന്നുണ്ട്.
പൊലീസ് പരീശീലനത്തിനിടയിലെ പ്രണയ തകർച്ചയും, പിന്നീട് കാമുകിയെ കണ്ടു മുട്ടേണ്ടി വരുന്ന ആ ദുരന്തചിത്രവും എല്ലാം ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ പൊലീസുകാരന് നേരിടേണ്ടി വരുന്നുണ്ട്.
ജോലിക്കിടയിൽ കുടുംബത്തെ ശ്രദ്ധിക്കാനാവാതെ വരുന്നതിന് ഭാര്യയിൽ നിന്നും പഴി കേൾക്കേണ്ടി വരാത്ത ഒരു പൊലീസൂകാരൻ പോലും ഉണ്ടാകില്ല. പൊലീസ് ജോലിയുടെ ഭാഗമായതിനാൽ മാത്രമാണ് ആ കാഴ്ച ജോസഫിന് കാണേണ്ടി വരുന്നത്. അതുകൊണ്ടു മാത്രമാണ് ജോസഫിന്റെ കുടുംബം തകരുന്നതും. ആ കുടുംബതകർച്ചയിലും, തന്റെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളിലും ജോസഫ് എന്നും മികച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു എന്ന് തെളിയിക്കുന്നതാണ് കുറ്റാന്വേഷണത്തിലെ ആ മികവ്. അവയവദാനത്തിന്റെ മഹത്വങ്ങളെ മാത്രം വാഴ്ത്തുന്നവർക്ക് ജോസഫ് നൽകുന്നത് മറ്റൊരു സന്ദേശം കൂടിയാണ്. പൊലീസുകാരന്റെ ജീവിതത്തിലൂടെ സമൂഹത്തിന് മറ്റൊരു വലിയ സന്ദേശം കൂടിയാണ് ജോസഫ് നൽകുന്നത്.
അൽപം സിനിമാറ്റിക്കാക്കാൻ വേണ്ടി പ്രയോഗിച്ച വിട്ടു വീഴ്ചകൾ ഒഴിച്ചു നിർത്തിയാൽ ജോസഫ് വെറുമൊരു കുറ്റാന്വേഷണ ത്രില്ലർ സിനിമയല്ല. കൃത്യമായ സാമൂഹിക ബോധത്തോടെ, കൃത്യമായ രാഷ്ട്രീയത്തോടെ കൃത്യമായ അവസരത്തിൽ പ്രയോഗിക്കപ്പെട്ട സിനിമ തന്നെയാണ്. ആദ്യാവസാനം പിരിമുറുക്കം നിറച്ച സിനിമ പക്ഷേ, ക്ലൈമാക്‌സിൽ അൽപം അയഞ്ഞു പോയി. കൃത്യമായ വില്ലനില്ലാതെ പോയതാവാം സിനിമയുടെ ക്ലൈമാക്‌സിൽ പിരിമുറുക്കത്തിന്റെ ആയാസം കുറച്ചത്.
ആദ്യ തിരക്കഥാ സംരംഭം എന്ന നിലയിൽ ഷാഹി നൂറിൽ നൂറുമാർക്കും അർഹിക്കുന്നു. തിരക്കഥാ കൃത്തിന്റെ കണ്ണിലൂടെ വളർന്ന സിനിമ നൽകുന്ന് കൃത്യമായ സന്ദേശം തന്നെയാണ്. പക്വതയും പാകതയും നിറഞ്ഞ സിനിമയെ അതിന്റെ ചട്ടക്കൂടിൽ നിർത്തിയതിന്റെ ക്രഡിറ്റ് പൂർണമായും സംവിധായകൻ പത്മകുമാറിന് തന്നെ നൽകണം.
കോമഡിയും വില്ലത്തരവുമായി നിറഞ്ഞു നിന്ന ജോജുവിന് ജോസഫ് ഒരിക്കലും മറക്കാനാവാത്ത സിനിമ തന്നെയാവും. ജോജുവിന്റെ കരിയറിൽ ഒരിക്കലും മറക്കാനാവാത്ത അപൂർവ അഭിനയ മുഹൂർത്തങ്ങളാണ് ജോസഫ് സമ്മാനിച്ചത്. മിന്നുന്ന മികവോടെ തന്നെ ജോജു ജോസഫിനെ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഒരു പക്ഷേ, അവാർഡിന്റെ പരിഗണനയിൽ ഇനി ജോസഫിനും സ്ഥാനമുണ്ടാകും. ഏറ്റവും ഒടുവിൽ ഒരു പൊലീസുകാരൻ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട റിയലിസ്റ്റിക് സിനിമകളുടെ പട്ടികയിൽ ജോസഫ് എന്ന പേരുമുണ്ടാകും.