ജോസ് കെ മാണിയല്ല എൽഡിഎഫിൽ നിന്ന് ആര് മത്സരിച്ചാലും കടുത്തുരുത്തിയിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മോൻസ് ജോസഫ് എം എൽ എ

Spread the love

കോട്ടയം: കടുത്തുരുത്തിയില്‍ മത്സരിക്കാൻ ജോസ് കെ. മാണിയെ ക്ഷണിച്ച്‌ മോൻസ് ജോസഫ് എംഎല്‍എ. ജോസ് കെ. മാണിയല്ല ആര് എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാലും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയം നേടുമെന്നും കേരളത്തില്‍ യുഡിഎഫ് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം പ്രസ് ക്ലബില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ മാത്രം യുഡിഎഫ് സ്ഥാനാർഥി പന്ത്രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇരുപതിനായിരത്തിന് മുകളിലേക്ക് കൊണ്ടുവരാൻ യുഡിഎഫ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

കടുത്തുരുത്തി ബൈപ്പാസിന്‍റെ നിർമാണം താൻ ഇടപെട്ട് വൈകിപ്പിക്കുന്നുവെന്ന കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ ആരോപണവും എംഎല്‍എ തള്ളിക്കളഞ്ഞു. വസ്തുതയില്ലാത്ത ആരോപണങ്ങളാണിതെന്നും താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി അഞ്ച് കോടി രൂപ കടുത്തുരുത്തി ബൈപ്പാസിന് അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയ്ഡഡ് മേഖലയിലെ ഭിന്നശേഷി വിഷയത്തില്‍ സർക്കാർ പിടിവാശി ഉപേക്ഷിച്ച്‌ ചർച്ചകള്‍ക്ക് വഴിതുറക്കണം. പ്രശ്ന പരിഹാരത്തിന് മുതിരാതെ ക്രിസ്ത്യൻ മാനേജ്മെന്‍റുകളെ കുറ്റപ്പെടുത്താനാണ് മന്ത്രി ശ്രമിക്കുന്നത്. ഭിന്നശേഷി ഒഴിവുകള്‍ നികത്താൻ മാനേജ്മെന്‍റുകള്‍ തയാറാകുന്നില്ലെന്ന പൊതുവിദ്യാഭ്യാസ മന്ത്രിയുടെ വാദം ബാലിശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പതിനാറായിരത്തോളം അധ്യാപകരാണ് ഭിന്നശേഷി നിയമനങ്ങളുടെ പേരില്‍ ബുദ്ധിമുട്ടുന്നത്. സർക്കാരാണ് ഇതിന് പരിഹാരമുണ്ടാക്കേണ്ടത്. സുപ്രീംകോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കഴിഞ്ഞു. എന്നും സർക്കാർ അനങ്ങാപ്പാറ ന‍യമാണ് സ്വീകരിക്കുന്നത്.

നിയമനം അംഗീകരിക്കപ്പെട്ട അധ്യാപകർ പോലും ദിവസ വേതനക്കാരായി ജോലി ചെയ്യേണ്ട ഗതികേടിലാണെന്നും സർക്കാരിന്‍റെ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്‍റുകളെ തകർക്കാനുള്ള നീക്കത്തിനെതിരേ കേരള കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.