
കോട്ടയം : യുഡിഎഫിന്റെ ആത്മവിശ്വാസമില്ലായ്മയില്‍ നിന്നാണ് മുന്നണി വിപുലീകരണ പ്രസ്താവനകളെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിനുള്ള രാഷ്ട്രീയ മാന്‍ഡേറ്റായി വിലയിരുത്താനാവില്ല. യുഡിഎഫിന് ആഴത്തില്‍ വേരുകളുള്ള നിലമ്പൂര്‍ മണ്ഡലത്തിലെ ജനവിധി എല്‍ഡിഎഫിന്റെ തുടര്‍ഭരണ സാധ്യതയെ ഒരു കാരണവശാലും ബാധിക്കില്ല. ജനവിധി വിനയത്തോടെ സ്വീകരിച്ച് സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് മെച്ചപ്പെടുത്തും.
അടിയന്തിര പരിഹാരം കാണേണ്ടതും തുടര്‍ഭരണത്തില്‍ ദീര്‍ഘകാല പദ്ധതികള്‍ വേണ്ടതുമായ കര്‍ഷക പ്രശ്‌നങ്ങളും മലയോരജനതയുടെ ആവശ്യങ്ങളും സമഗ്രമായി പഠിക്കുന്നതിനായി കേരള കോണ്‍ഗ്രസ് (എം) വിദഗ്ദ സമിതിയെ നിയോഗിക്കും. ഇത്തരത്തില്‍ തയ്യാറാക്കുന്ന മാനിഫെസ്റ്റോ എല്‍.ഡി.എഫിന് സമര്‍പ്പിക്കും.
വന്യജീവി ആക്രമണത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ തടസ്സം നില്‍ക്കുന്നത് 1972 ല്‍ കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ രൂപം നല്‍കിയ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമമാണ്. സംസ്ഥാനത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് വന്യജീവി ആക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയമനിര്‍മ്മാണം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം വേഗത്തിലാക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയോരമേഖലയിലെ പട്ടയ പ്രശ്‌നങ്ങള്‍,സ്വന്തം ഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ കഴിയാത്ത കര്‍ഷകരുടെ വിഷയങ്ങള്‍ തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് സമയബന്ധിതമായി പരിഹരിക്കണം. ദുര്‍ബലജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണം. റബറിന്റെ താങ്ങുവില കിലോയ്ക്ക് 250 രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള നടപടി ഉണ്ടാകണം.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ക്കുള്ള രാഷ്ട്രീയ അര്‍ഹതയുണ്ട്. ഇത് സംബന്ധിച്ച് അതത് ജില്ലകളിലെ എല്‍ഡിഎഫ് നേതൃത്വവുമായി ചര്‍ച്ചചെയ്യുന്നതിന് പാര്‍ട്ടി ജില്ലാപ്രസിഡന്റുമാരെ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശികമായി നടന്ന തയ്യാറെടുപ്പുകള്‍ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കും. ഇതിനായി പഞ്ചായത്ത് തലത്തില്‍ പാര്‍ട്ടി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കും. പാര്‍ട്ടി പ്രവര്‍ത്തക ഫണ്ട് ശേഖരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.
ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍മാരായ ഡോ. എന്‍.ജയരാജ്, തോമസ് ചാഴികാടന്‍, ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോണി നെല്ലൂര്‍ എക്‌സ്.എംഎല്‍.എ എന്നിവര്‍ പങ്കെടുത്തു.