
തിരുവനന്തപുരം: വലത്തോട്ട് ചാടാന്‍ കേരളാ കോണ്‍ഗ്രസ് എം പണി തുടങ്ങിയോ ? വന്യജീവി, തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്തു വന്നു.
മനുഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ നിയമ ഭേദഗതിയും നിയമ നിര്‍മാണവും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് മുന്നണിയ്ക്കുള്ളില്‍ പറയാതെ പൊതു സമൂഹത്തില്‍ അവതരിപ്പിച്ചത് സിപിഎമ്മിനെ ഞെട്ടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലുളളപ്പോഴാണ് ഈ ആവശ്യം ജോസ് കെ മാണി ഉയര്‍ത്തുന്നത്. മലയോര കര്‍ഷകരെ വലയ്ക്കുന്ന പ്രശ്‌നമാണ് വന്യമൃഗ ശല്യം. നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അടക്കം മലയോര വോട്ടുകള്‍ ഇടതു മുന്നണിയ്ക്ക് ലഭിച്ചില്ല. ഇതിനിടെ ജോസ് കെ മാണി യുഡിഎഫിലേക്ക് മാറുമെന്ന ചര്‍ച്ചകളെത്തി. അതിനെ ജോസ് കെ മാണി നിഷേധിച്ചു. അപ്പോഴും പുതിയൊരു വിഷയത്തില്‍ രാഷ്ട്രീയം കാണുകയാണ് കേരളം. വന്യ ജീവി സംഘര്‍ഷത്തിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ് ഇടതിന് പ്രതിസന്ധിയുണ്ടാക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിക്ക് ജോസ് കെ മാണി കത്തും നല്‍കി. അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്നാണ് ആവശ്യം.
പ്രാദേശിക തലത്തില്‍ എല്‍ഡിഎഫില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പല പരിപാടികളും പാര്‍ട്ടിയെ അറിയിക്കുന്നില്ല. അഭിപ്രായം തേടുന്നില്ലെന്നാണ് വിമര്‍ശനം. ഈ വിഷയം എല്‍ഡിഎഫിന് മുന്‍പില്‍ വെക്കണമെന്ന ആവശ്യവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നു. ഇതിന് ശേഷമാണ് മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ രംഗത്ത് എത്തിയത്. ഇടതുമുന്നണിയില്‍ തങ്ങള്‍ ഹാപ്പിയാണെന്നും യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടില്ല എന്നും ജോസ് കെ മാണി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഘടകകക്ഷികളെ തേടി യുഡിഎഫ് പോകുന്ന അവസ്ഥ നിലമ്ബൂരിലെ വിജയം സംസ്ഥാനത്തെ ജനങ്ങളുടെ വിധിയല്ല എന്ന് തെളിയിക്കുന്നു. തങ്ങള്‍ക്ക് മുന്നണി മാറേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് സര്‍ക്കാരിനെ വെട്ടിലാക്കി പുതിയൊരു വിഷയവുമായി ജോസ് കെ മാണി എത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിട തകര്‍ച്ചയും ബിന്ദുവിന്റെ മരണവും എല്ലാം കേരളാ കോണ്‍ഗ്രസ് ഗൗരവത്തിലാണ് കാണുന്നത്. വിവാദങ്ങളെ ആളി കത്തിക്കുന്ന സിപിഎമ്മിലെ ചില നേതാക്കളുടെ പ്രതികരണവും കേരളാ കോണ്‍ഗ്രസിനെ അലോസരപ്പെടുത്തുന്നുണ്ട്.
കോട്ടയത്ത് കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷയായി ചാണ്ടി ഉമ്മന്‍ വളര്‍ന്നുവരികയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ ചാണ്ടി ഉമ്മന്റെ ഇടപെടലും കേരളാ കോണ്‍ഗ്രസ് സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോട്ടയത്തെ പാര്‍ട്ടിയായി അറിയാന്‍ ആഗ്രഹിക്കുന്ന കേരളാ കോണ്‍ഗ്രസിന് അടുത്ത തിരഞ്ഞെടുപ്പുകളില്‍ വെല്ലുവിളികള്‍ ഏറെയാണ്. നിലമ്ബൂരില്‍ ആഞ്ഞടിച്ച ഭരണ വിരുദ്ധ വികാരവും കേരളാ കോണ്‍ഗ്രസിന് മുന്നില്‍ പ്രതിസന്ധിയാണ്.
കോട്ടയത്ത് തദ്ദേശത്തില്‍ ഇടതു പക്ഷത്തിനൊപ്പം നിന്ന് അടിതെറ്റിയാല്‍ പിന്നെ രാഷ്ട്രീയ വിലപേശല്‍ ശേഷിയും കേരളാ കോണ്‍ഗ്രസിന് കുറയും. ഇതെല്ലാം ആശങ്കയായി മാറുമ്ബോഴാണ് വന്യജീവി വിഷയത്തിലെ നിയമ നിര്‍മ്മാണം കേരളാ കോണ്‍ഗ്രസ് തന്നെ ഉയര്‍ത്തുന്നത്. കേരളത്തില്‍ ഉടനീളമുള്ള മലയോരത്ത് കേരളാ കോണ്‍ഗ്രസിനുള്ള കരുത്ത് ചോരാതിരിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം. കര്‍ഷക പ്രശ്നങ്ങളും മലയോരജനതയുടെ ആവശ്യങ്ങളും സമഗ്രമായി പഠിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കാനാണ് കേരളാ കോണ്‍ഗ്രസ് തീരുമാനം.
തുടര്‍ന്ന് പാര്‍ട്ടി തയാറാക്കുന്ന മാനിഫെസ്റ്റോ എല്‍.ഡി.എഫിന് സമര്‍പ്പിക്കും. വന്യജീവി ആക്രമണത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ തടസം 1972 ല്‍ കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്ബോള്‍ രൂപം നല്‍കിയ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമമാണ്. വന്യജീവി ആക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയമനിര്‍മാണം നടത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം വേഗത്തിലാക്കണമെന്നാണ് ആവശ്യം.
ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണം. റബറിന്റെ താങ്ങുവില കിലോക്ക് 250 രൂപയായി വര്‍ധിപ്പിക്കണം എന്നീ ആവശ്യങ്ങളും കേരളാ കോണ്‍ഗ്രസ് ഉന്നയിക്കും.തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ എന്നത് കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ടതാണ്. ഇക്കാര്യം എല്‍.ഡി.എഫില്‍ ആവശ്യപ്പെടുമെന്നും കേരള കോണ്‍ഗ്രസ് എം വിശദീകരിച്ചിട്ടുണ്ട്. ഇത് സിപിഎം അംഗീകരിക്കുമോ എന്നതും നിര്‍ണ്ണായകമാണ്. യുഡിഎഫിലെ കേരളാ കോണ്‍ഗ്രസായ പിജെ ജോസഫ് വിഭാഗവും കെ എം മാണിയെ സ്വാഗതം ചെയ്യുകയാണ് ഇപ്പോള്‍.
കേരള രാഷ്ടീയത്തിലെ സൗമ്യ സാന്നിദ്ധ്യവും കേരളകോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ തൊടുപുഴ എംഎല്‍എയുമായ പി.ജെ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ലയനം അടഞ്ഞ അധ്യായമല്ലെന്നും തത്ക്കാലം അത് ചര്‍ച്ചയാക്കേണ്ടെന്നും പി.ജെ ജോസഫ് പറയുമ്ബോഴും മാണിയുടെ മകനും സംഘവും യുഡിഎഫിലേക്ക് തിരിച്ചുവരുമെന്നതില്‍ ശുഭപ്രതീക്ഷ കൈവിടുന്നില്ലെന്നതാണ് വസ്തുത