
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറി മത്സരിക്കാൻ ഒരുങ്ങി ജോസ് കെ മാണി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാലായില്‍ നിന്നും മാറി കടുത്തുരുത്തിയില്‍ മത്സരിക്കാനാണ് ജോസ് കെ മാണിയുടെ നീക്കം.
പാലായേക്കാള്‍ കടുത്തുരുത്തിയിലാണ് കൂടുതല്‍ വിജയസാധ്യത എന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. ഇതിനകം ജോസ് കെ മാണി മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞു. സയൻസ് സിറ്റി അടക്കമുള്ള പദ്ധതികളുടെ ചുക്കാൻ പിടിച്ച് കടുത്തുരുത്തിയില്‍ ഇതിനകം ജോസ് കെ മാണി കളംപിടിച്ച് കഴിഞ്ഞു.
കെ എം മാണി മരിച്ചതിനെ തുടർന്ന് 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും പിന്നീട് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാലായില്‍ കേരള കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി മത്സരിച്ച മാണി സി കാപ്പനോടായിരുന്നു യുഡിഎഫിനോടൊപ്പം മത്സരിച്ച കേരള കോണ്‍ഗ്രസിൻ്റെ പരാജയം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ 2021 എല്‍ഡിഎഫ് പാളയത്തില്‍ എത്തിയ കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മാണി സി കാപ്പനോട് പരാജയപ്പെടുകയായിരുന്നു. 2021ല്‍ ജോസ് കെ മാണി പാലായില്‍ പരാജയപ്പെട്ടത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് വലിയ തിരിച്ചടിയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ്;
ഇനിയൊരിക്കല്‍ കൂടി പാർട്ടി ചെയർമാൻ പരമ്പരാഗത മണ്ഡലമായ പാലായില്‍ മത്സരിച്ച് തോല്‍ക്കുന്നത് പാർട്ടിക്ക് ക്ഷീണമാകുമെന്നാണ് കേരള കോണ്‍ഗ്രസ് എം നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ജോസ് കെ മാണി വിജയസാധ്യതയുള്ള മണ്ഡലത്തില്‍ മത്സരിക്കാൻ ഇറങ്ങണമെന്നാണ് പാർട്ടിയില്‍ ഉയരുന്ന ആവശ്യം.
എന്നാല്‍ സിറ്റിംഗ് എംഎല്‍എമാരെ മാറ്റി മത്സരിക്കാനിറങ്ങുന്നത് തിരിച്ചടിയാകുമെന്നും പാർട്ടി വിലയിരുത്തുണ്ട്. ഈ സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിന് ശക്തമായ വേരോട്ടമുള്ള കടുത്തുരുത്തിയില്‍ ജോസ് കെ മാണി മത്സരിക്കുന്നതാവും സുരക്ഷിതമെന്ന ആഭിപ്രായം രൂപപ്പെട്ടിരിക്കുന്നത്. പാലായേക്കാള്‍ വിജയസാധ്യത കടുത്തുരുത്തിയില്‍ ആണെന്നാണ് നേതൃത്വം കണക്കാക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ പരാജയപ്പെട്ടെങ്കിലും മോൻസ് ജോസഫിൻ്റെ ഭൂരിപക്ഷം 5000ത്തിന് താഴെയ്ക്ക് എത്തിക്കാൻ കേരള കോണ്‍ഗ്രസ് എമ്മിന് സാധിച്ചിരുന്നു.