കേരള കോൺഗ്രസിന്റെ ഓഫിസ് അന്വേഷിച്ചു; ഗൂഗിളിന് വഴി തെറ്റിയില്ല; നേരെ എത്തിച്ചത് കേരള കോൺഗ്രസ് എമ്മിന്റെ വയസ്‌കരയിലെ ഓഫിസിൽ; ഗൂഗിളിനെ വിശ്വസിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഓഫിസിലേയ്ക്കു വണ്ടിയോടിച്ച കെ.എം മാണിയുടെ മരുമകൻ എത്തിയത് ജോസ് കെ.മാണിയുടെ ഓഫിസിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരള കോൺഗ്രസിന്റെ ഓഫിസ് അന്വേഷിച്ച് ഗുഗിൾ സെർച്ച് ചെയ്ത കെ.എം മാണിയുടെ മരുമകനും തൃക്കരിപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന എം.പി ജോസഫിനെ ഗൂഗിൾ കൃത്യമായി ‘വയസ്‌കരയിലുള്ള കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി’ ഓഫിസിൽ എത്തിച്ചു..! പാർട്ടി ഓഫിസിന്റെ പടികടന്ന് കാറെത്തിയപ്പോഴാണ് ജോസഫിന് അബദ്ധം മനസിലായത്. ‘ഇതല്ലേ കേരള കോൺഗ്രസ് ഓഫിസെന്ന്’ പാർട്ടി ഓഫിസിനു മുന്നിൽ നിന്ന പ്രവർത്തകനോട് എം.പി ജോസഫിന്റെ ചോദ്യം. ‘അതേ, ഇതു തന്നെ കേരള കോൺഗ്രസ് ഓഫിസെന്നു’ പ്രവർത്തകനും. കാറിനുള്ളിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ജോസഫ് കണ്ടത് പാർട്ടി ഓഫിസിനുള്ളിൽ കെ.എം മാണിയുടെ ചിത്രം. അതേ വേഗത്തിൽ തന്നെ കാറിനുള്ളിൽ കയറി മടങ്ങി.

ശനിയാഴ്ച കോട്ടയം നഗരത്തിലാണ് രസകരമായ സംഭവം ഉണ്ടായത്. തൃക്കരിപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു കെ.എം മാണിയുടെ മരുമകനായ എം.പി ജോസഫ്. തിരഞ്ഞെടുപ്പിനു ദിവസങ്ങൾക്കു മുൻപ് സീറ്റിനു വേണ്ടി കോൺഗ്രസ മെമ്പർഷിപ്പ് ഉപേക്ഷിച്ച് ജോസഫിനൊപ്പം ചേരുകയായിരുന്നു ഇദ്ദേഹം. തുടർന്നു, തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വൻ തോൽവിയായിരുന്നു ഫലം. ഇതിനു ശേഷവും ജോസഫ് വിഭാഗത്തിനൊപ്പം നിൽക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് ശനിയാഴ്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ യോഗത്തിൽ പങ്കെടുക്കാൻ ഇദ്ദേഹം കോട്ടയത്ത് എത്തിയത്. കേരള കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസിലേയ്ക്കുള്ള വഴി ഗൂഗിളിൽ സെർച്ച് ചെയ്താണ് ഇദ്ദേഹം യാത്ര ആരംഭിച്ചത്. ഗൂഗിൾ വഴികാട്ടിയതാകട്ടെ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസിലേയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ എത്തി പാർട്ടി ഓഫിസിന്റെ വരാന്തയിലേയ്ക്കു ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് പാർട്ടി ഓഫിസിനുള്ളിൽ കെ.എം മാണിയുടെ ചിത്രം കണ്ടത്. ഒന്ന് അമാന്തിച്ച ശേഷം ഇവിടെ നിന്ന പ്രവർത്തകനോട് ഇദ്ദേഹം ചോദിച്ചു, ഇത് കേരള കോൺഗ്രസ് ഓഫിസല്ലേ… ഉടൻ തന്നെ പ്രവർത്തകൻ മറുപടിയും നൽകി. അതേ ഇത് കേരള കോൺഗ്രസ് ഓഫിസ് തന്നെ.. കേരള കോൺഗ്രസ് എമ്മിന്റെ ഓഫിസ്. അബദ്ധം മനസിലാക്കിയ എം.പി ജോസഫ് ഉടൻ തന്നെ കാറിൽ തിരികെ കയറി. തുടർന്നു, പാർട്ടി ഓഫിസിനു മുന്നിൽ നിന്ന പ്രവർത്തകനോട് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഓഫിസിലേയ്ക്കുള്ള വഴി ചോദിച്ചു. പ്രവർത്തകൻ വഴി പറഞ്ഞു കൊടുത്തെങ്കിലും വിശ്വാസമില്ലാതിരുന്ന എം.പി ജോസഫ് വീണ്ടും ഗൂഗിൾ മാപ്പിട്ടു.! പിന്നീട് ഇദ്ദേഹം എവിടെ എത്തി എന്നു ഗൂഗിളിനു മാത്രമേ അറിയൂ. നേരത്തെ, എറണാകുളം ജില്ലാ കളക്ടറായിരുന്ന ജോസഫിനെതിരെ പി.ജെ ജോസഫ് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതേ ഗ്രൂപ്പിൽ തന്നെയാണ് ഇപ്പോൾ ജോസഫ് എത്തിയിരിക്കുന്നത്.