ക്രൈസ്തവ സഭകളടക്കമുള്ള എയ്ഡഡ് മാനേജ്‌മെന്റുകളുടെ പ്രതിസന്ധി രമ്യമായി പരിഹരിക്കും; ജോസ് കെ മാണി

Spread the love

കോട്ടയം:അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്‌കൂള്‍ മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ക്രൈസ്തവസഭ ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റുകള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉടന്‍ രമ്യമായി പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.

ഇക്കാര്യത്തില്‍ ക്രൈസ്തവ സഭകളും സര്‍ക്കാരും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെങ്കില്‍ കേരള കോണ്‍ഗ്രസ് എം അതിന് മുന്‍കൈയെടുക്കും.കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ എന്ന നിലയില്‍ ഈ വിഷയം നേരത്തെ തന്നെ ബഹു മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

പ്രശ്‌നപരിഹാരത്തിലുള്ള ഫോര്‍മുല എല്‍ഡിഎഫ് കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനിച്ച് ഉടന്‍ നടപ്പാക്കും. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം എല്‍എമാര്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയും കഴിഞ്ഞദിവസം നേരിട്ട് കണ്ട് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.ക്രൈസ്തവസഭകള്‍ ഉള്‍പ്പെടെയുള്ള എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന പ്രതിസന്ധി സര്‍ക്കാര്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയെ തുടര്‍ന്ന് രൂപപ്പെട്ട സാഹചര്യം മാനേജ്മെന്റുകളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാരുടെ നിയമനം ഉറപ്പുവരുത്തിയും പരിഹരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

സര്‍ക്കാര്‍ എല്ലാ വിഭാഗം മാനേജ്മെന്റുകളെയും ഒരേപോലെയാണ് കാണുന്നത്. 2021-25 കാലഘട്ടത്തില്‍ എയ്ഡഡ് മേഖലയില്‍ മാത്രം 36318 സ്ഥിര നിയമനകളാണ് സര്‍ക്കാര്‍ നടത്തിയത്. 1503 ഭിന്നശേഷിക്കാര്‍ക്കും നിയമനം നല്‍കി.

ഇതെല്ലം കാണിക്കുന്നത് പൊതു വിദ്യാഭ്യാസ സംരക്ഷണത്തില്‍ മാനേജ്മെന്റുകള്‍ക്കൊപ്പമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ എന്ന് തന്നെയാണ്.

ഭിന്നശേഷി സംമ്പരണവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് സുപ്രീം കോടതിയില്‍ നിന്ന് നേടിയ ഇളവുകള്‍ അവര്‍ക്കു മാത്രം ബാധകമാകുകയുളൂ എന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശം. തുടര്‍ന്ന് മറ്റു മാനേജ്മെന്റുകളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.

പതിറ്റാണ്ടുകളായി കേരളം അഭിമുഖീകരിച്ച നിരവധി ജനകീയ പ്രശ്‌നങ്ങള്‍ക്ക് ജനപക്ഷത്തു നിന്ന് പരിഹാരം കണ്ടെത്തിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.കോടതിവിധി മറച്ചുവച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും ജോസ് കെ മാണി പറഞ്ഞു