പിളർന്ന് പിളർന്ന് വളർന്ന ആ കുഞ്ഞിന് നാളെ ബലി ഇടേണ്ടി വരുമോ?; കേരളാ രാഷ്ട്രീയം ഉറ്റുനോക്കുന്ന പാലായില്‍ ആര് ജയിക്കും?; ജോസ് കെ.മാണി പരാജയപ്പെട്ടാല്‍ കേരളാ കോണ്‍ഗ്രസ് എം. പാര്‍ട്ടി തന്നെ ഇല്ലാണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍
ജി. കെ
പാലാ : കേരളാ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലാ. പാലായില്‍ ആര് ജയിക്കും? എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും സംബന്ധിച്ചിടത്തോളം അഭിമാനം പോരാട്ടമാണ് പാലായിലേത്.
കേരളാ കോണ്‍ഗ്രസ് എം. ഇടതുമുന്നണിയിലേക്ക് പോയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനേ സാധിക്കില്ല. പാലായില്‍ പതിനയ്യായിരം വോട്ടിന് ജയിക്കുമെന്നു എല്‍.ഡി.എഫും യു.ഡി.എഫും അഭിപ്രായപ്പെടുന്നത്. ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ മുന്നണികള്‍ ആത്മവിശ്വാസത്തിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസ് കെ.മാണി പരാജയപ്പെട്ടാല്‍ കേരളാ കോണ്‍ഗ്രസ് എം. പാര്‍ട്ടി തന്നെ ഇല്ലാണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
പാലായില്‍ അപ്രതീക്ഷിത അടിയൊഴുക്കുകള്‍ നടന്നിട്ടുണ്ടെന്നാണ് അവര്‍ വ്യക്തമാകുന്നത്.
എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫിലേക്ക് പോയ മാണി സി.കാപ്പന്‍ വിജയിച്ചാല്‍ ജോസ് കെ.മാണിയ്ക്കും ഇടതുമുന്നണിയ്ക്കും കിട്ടുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കും.
ജോസ് കെ.മാണി വിജയിച്ചാല്‍ ഇടതുമുന്നണിയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് സി.പി.ഐ.യെക്കാള്‍ കൂടുതല്‍ പരിഗണന കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.
ജോസ് കെ മാണിയുടെ വരവ് കോട്ടയം ജില്ലയില്‍ വലിയ നേട്ടം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണിയും സിപിഎം നേതൃത്വവും. കോട്ടയം, പുതുപ്പള്ളി ഒഴികെയുള്ള മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കാനായിട്ടുണ്ടെന്നാണ് ഇടതു കേന്ദ്രങ്ങളിലെ പ്രതീക്ഷ. ഏഴു മണ്ഡലങ്ങളില്‍ വിജയം സുനിശ്ചിതമാണെന്നും അവര്‍ അവകാശപ്പെടുന്നു.
എന്നാല്‍ അപരന്റെ സാന്നിധ്യം, വോട്ടിങ് മെഷീനിലെ അപരന്റെ സ്ഥാനം, അപരന്റെ ചിഹ്നം, ബിജെപി വോട്ടുകള്‍, ജോസ് കെ മാണിയുടെ സ്വീകാര്യത എന്നിവയൊക്കെ പാലായിലെ ജനവിധിയെ സ്വാധീനിക്കും.
മാണി സി.കാപ്പനും ജോസ് കെ.മാണിയും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ജയിച്ചാല്‍ മന്ത്രിയാകുമെന്ന ഉറപ്പുമായാണ് ഇരുവരും വോട്ടര്‍മാരെ കണ്ടതും. മൂന്നു തോല്‍വിക്കു ശേഷം മാണി സി കാപ്പന്‍ 2019ല്‍ എല്‍ ഡി എഫിനുവേണ്ടി ചരിത്ര വിജയം കൊയ്ത മണ്ഡലമാണ് പാലാ. എന്നാല്‍ ജോസ് കെ മാണി പക്ഷം കേരള കോണ്‍ഗ്രസില്‍ എത്തിയതോടെ മുന്നണി നേതൃത്വം മാണി സി കാപ്പനെ തഴഞ്ഞു.
ഇതോടെ യു ഡിഎഫിലേക്കു ചേക്കേറിയ മാണി സി കാപ്പന്‍, ഇടതുമുന്നണിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് പാലായില്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തെ ഉഷാറാക്കിയത്.
12 പഞ്ചായത്തുകളും പാലാ നഗരസഭയും അടങ്ങുന്നതാണ് പാലാ മണ്ഡലം. 72.56 ശതമാനമാണ് ഇത്തവണ പാലായിലെ പോളിങ്. മാണി സി കാപ്പന്‍ ജയിച്ച ഉപതെരഞ്ഞെടുപ്പില്‍ 71.48 ശതമാനം ആയിരുന്നു പോളിങ് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തവണ 184857 വോട്ടുകളില്‍ 134126 വോട്ടുകളാണ് പോള്‍ ചെയ്തത്.
എല്ലാം അനുകൂലമായി വന്നാല്‍ ഭൂരിപക്ഷം ഇരുപതിനായിരത്തില്‍ മുകളിലെത്തുമെന്ന് ചില പ്രാദേശിക നേതാക്കള്‍ പറയുന്നു. അപരന്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് എല്‍.ഡി.എഫ് ക്യാംപിലെ പ്രതീക്ഷ. എന്നാല്‍ ബി.ജെ.പി. വോട്ടുകള്‍ വ്യാപകമായി യുഡിഎഫിന് ലഭിച്ചിട്ടുണ്ടാകാമെന്ന ആശങ്കയും ഇടതു കേന്ദ്രങ്ങള്‍ക്കുണ്ട്. മാണി സി കാപ്പന്‍ തന്നെ ഈ വാദം തള്ളി കളയുന്നുണ്ട്.
കാശു കൊടുത്തു ആരുടെയും വോട്ട് വാങ്ങിയിട്ടില്ലെന്നും തന്നോട് താല്‍പര്യമുള്ളവര്‍ വോട്ട് ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. വോട്ട് മറിച്ചെന്ന ആരോപണം ബിജെപി നേതൃത്വവും തള്ളി കളയുന്നുണ്ട്. എന്നാല്‍ ബി.ജെ.പി.ക്ക് ഇത്തവണ വോട്ട് കുറവായിരിക്കുമെന്ന് അവര്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്.