play-sharp-fill
പാലാ സീറ്റ് ഉറപ്പിച്ച് ജോസ് കെ മാണി; പൂഞ്ഞാറില്‍ കളമുറപ്പിക്കാന്‍ സെബാസ്റ്റ്യൻ കുളത്തുങ്കല്‍; സ്റ്റീഫന്‍ ജോര്‍ജ് കടുത്തുരുത്തിയിലേക്കോ? ; ചങ്ങനാശ്ശേരിയില്‍ സുകുമാരന്‍ നായരുടെ സ്ഥാനാര്‍ത്ഥിയാവാന്‍ പ്രമോദ് നാരായണന്‍ എത്തിയേക്കും: കോട്ടയത്ത് സീറ്റ് ചര്‍ച്ചകള്‍ സജീവം

പാലാ സീറ്റ് ഉറപ്പിച്ച് ജോസ് കെ മാണി; പൂഞ്ഞാറില്‍ കളമുറപ്പിക്കാന്‍ സെബാസ്റ്റ്യൻ കുളത്തുങ്കല്‍; സ്റ്റീഫന്‍ ജോര്‍ജ് കടുത്തുരുത്തിയിലേക്കോ? ; ചങ്ങനാശ്ശേരിയില്‍ സുകുമാരന്‍ നായരുടെ സ്ഥാനാര്‍ത്ഥിയാവാന്‍ പ്രമോദ് നാരായണന്‍ എത്തിയേക്കും: കോട്ടയത്ത് സീറ്റ് ചര്‍ച്ചകള്‍ സജീവം

സ്വന്തം ലേഖകന്‍

കോട്ടയം: കടുത്തുരുത്തിയില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന പ്രചരണങ്ങള്‍ക്ക് അവസാനം. പാലായില്‍ ഇടതുപക്ഷത്തിന് വേണ്ടി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ മത്സരിക്കും. കേരളാ കോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് മുന്‍പ് നടന്ന ചര്‍ച്ചയില്‍ 13 നിയമസഭാ സീറ്റുകളും ജോസ് കെ. മാണി രാജിവയ്ക്കുന്ന രാജ്യസഭാ സീറ്റും നല്‍കുന്നത് പരിഗണിക്കാമെന്ന് സിപിഎം അറിയിച്ചിരുന്നു. പക്ഷേ, സീറ്റുകളുടെ എണ്ണം 10 ആയി കുറയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പക്ഷേ, ജോസ് കെ മാണി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല എന്നാണ് സൂചന.


സാധാരണ യുഡിഎഫിലാണ് സീറ്റ് ചര്‍ച്ചകള്‍ പടലപ്പിണക്കങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. കേരളാ കോണ്‍ഗ്രസ് ഇടത്പക്ഷത്തേക്ക് പോയതോടെ സീറ്റ് വിഭജനം എല്‍ഡിഎഫിനാണ് കീറാമുട്ടിയായിരിക്കുന്നത്. സിപിഐയുടെ സീറ്റുകള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് അവര്‍. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിക്ക് പത്ത് സീറ്റ് മാത്രം നല്‍കാനുള്ള ആലോചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജും സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത.
പത്തനംതിട്ടയില്‍ റാന്നി സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ സിപിഎമ്മിന് താല്‍പ്പര്യമുണ്ട്. നിലവിലെ എംഎല്‍എ രാജു എബ്രഹാമിന് സീറ്റ് നിഷേധിക്കാന്‍ വേണ്ടിയാണിത്. പക്ഷേ, രാജു എബ്രഹാമിനാണ് അവിടെ വിജയസാധ്യത എന്നതാണ് വസ്തുത.

പാലായില്‍ ജോസ് കെ മാണിയും കടുത്തുരുത്തിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും മത്സരിക്കും. പൂഞ്ഞാറില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിനാണ് സാധ്യത കൂടുതല്‍. കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍. ജയരാജ് വീണ്ടും സ്ഥാനാര്‍ത്ഥിയാകും.

ചങ്ങനാശ്ശേരിയില്‍ പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രമോദ് നാരായണന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മനസ്സ് അനുകൂലമാക്കാനാണ് ഇത്. ഇതിലൂടെ എല്ലാ മതവിഭാഗക്കാരേയും പാര്‍ട്ടിയിലേക്ക് അടുപ്പിക്കാമെന്ന് പ്രതീക്ഷയാണ് ജോസ് കെ മാണിക്കുള്ളത്. അതുകൊണ്ട് പ്രമോദ് നാരായണന് ചങ്ങനാശ്ശേരിയില്‍ സാധ്യത കൂടുതലാണ്.

പിറവം മണ്ഡലത്തിലേക്ക് നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപ്പുറം, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരെയാണ് പരിഗണിക്കുന്നത്. കുറ്റ്യാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ സ്ഥാനാര്‍ത്ഥിയാകും. തിരുവമ്പാടിയില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.എം. ജോസഫ്, ഉന്നതാധികാര സമിതി അംഗം പി. ടി. ജോസ് എന്നിവര്‍ക്കാണ് മുന്‍ഗണന.

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, ഇരിക്കൂര്‍ അല്ലെങ്കില്‍ പേരാവൂര്‍, പിറവം അല്ലെങ്കില്‍ പെരുമ്പാവൂര്‍, ചാലക്കുടി അല്ലെങ്കില്‍ ഇരിങ്ങാലക്കുട, തിരുവമ്പാടി അല്ലെങ്കില്‍ കുറ്റ്യാടി എന്നിവയ്ക്കു പുറമേ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓരോ സീറ്റ് വീതം നല്‍കണമെന്നാണ് കേരളാ കോണ്‍ഗ്രസ് ആവശ്യം.